റൊണാൾഡോ തീരുമാനമെടുത്തു കഴിഞ്ഞു,തന്റെ പഴയ ക്ലബ്ബിലേക്ക് മടങ്ങാൻ : മാർക്ക
ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം അവശേഷിക്കെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവിയുടെ കാര്യത്തിൽ ഇതുവരെ ഒരു അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താല്പര്യമുണ്ട്. കഴിഞ്ഞ മത്സരത്തിൽ ടെൻ ഹാഗ് പുറത്തിരുത്തിയതോടുകൂടി റൊണാൾഡോ ക്ലബ്ബ് വിടാനുള്ള ശ്രമങ്ങൾ വർദ്ധിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇപ്പോഴിതാ റൊണാൾഡോയുടെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ റൂമർ പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്. അതായത് റൊണാൾഡോ തന്റെ മുൻ ക്ലബായ സ്പോർട്ടിങ് ലിസ്ബണിലേക്ക് തിരികെ പോവാൻ തീരുമാനിച്ചു കഴിഞ്ഞു എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്. റൊണാൾഡോയുടെ ഏജന്റായ ജോർഗെ മെന്റസ് എത്രയും പെട്ടെന്ന് മികച്ച ഒരു ഡീൽ ഉണ്ടാക്കാനുള്ള ശ്രമങ്ങളിലാണ് നിലവിലുള്ളത്.
⏳ Cristiano Ronaldo, qui n'a toujours pas trouvé de porte de sortie, aurait fait son choix. Selon Marca, l'ancien joueur du Real Madrid priviligierait désormais un retour au Sporting Portugal.
— RMC Sport (@RMCsport) August 26, 2022
ഈ ട്രാൻസ്ഫർ ജാലകത്തിന്റെ തുടക്കം തൊട്ടേ റൊണാൾഡോയെ സ്വന്തമാക്കാൻ ലിസ്ബണിന് താല്പര്യമുണ്ട്.ഇക്കാര്യം റൊണാൾഡോക്കും അറിയാം. പക്ഷേ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ തന്നെ തുടരാനുള്ള ശ്രമങ്ങളായിരുന്നു ഇതുവരെ റൊണാൾഡോ നടത്തിയിരുന്നത്.എന്നാൽ അനുയോജ്യമായ ക്ലബ്ബിനെ കണ്ടെത്താൻ റൊണാൾഡോക്ക് സാധിച്ചില്ല.ഇതോടുകൂടിയാണ് താരം ലിസ്ബണിലേക്ക് തന്നെ മടങ്ങാൻ തീരുമാനമെടുത്തിട്ടുള്ളത് എന്നാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്.
അതേസമയം സ്പോർട്ടിംഗ് ലിസ്ബണിൽ എത്താൻ സാധിച്ചാൽ റൊണാൾഡോക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കാൻ കഴിഞ്ഞേക്കും.ഒളിമ്പിക് മാഴ്സെ,നാപോളി,എസി മിലാൻ തുടങ്ങിയ ക്ലബ്ബുകളുമായി ബന്ധപ്പെടുത്തിക്കൊണ്ടായിരുന്നു പുതിയ റൂമറുകൾ ഉണ്ടായിരുന്നത്.പക്ഷേ അതിലൊന്നും പുരോഗതി രേഖപ്പെടുത്തിയിരുന്നില്ല.
സ്പോർട്ടിംഗിന്റെ അക്കാദമിയിലൂടെ വളർന്ന താരമാണ് റൊണാൾഡോ. ഒരു വർഷക്കാലമായിരുന്നു താരം സ്പോർട്ടിങ് ലിസ്ബണിന്റെ സീനിയർ ടീമിന് വേണ്ടി കളിച്ചിരുന്നത്.