എംബപ്പേയും നെയ്മറും തമ്മിലുള്ള പെനാൽറ്റി ഗേറ്റ് വിവാദത്തിന് എന്ത് സംഭവിച്ചു? മറുപടിയുമായി ഗാൾട്ടിയർ!
ഇന്നലെ ലീഗ് വണ്ണിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ വമ്പൻമാരായ പിഎസ്ജി ലില്ലിയെ തകർത്തെറിഞ്ഞിരുന്നു. ഒന്നിനെതിരെ 7 ഗോളുകൾക്കായിരുന്നു പിഎസ്ജി വിജയം നേടിയത്. സൂപ്പർ താരം കിലിയൻ എംബപ്പേ ഹാട്രിക്ക് നേടിയപ്പോൾ നെയ്മർ ജൂനിയർ രണ്ട് ഗോളുകളും 3 അസിസ്റ്റുകളും സ്വന്തമാക്കി. ഒരു ഗോളും ഒരു അസിസ്റ്റും മെസ്സിയും മത്സരത്തിൽ തിളങ്ങി നിന്നു.
കഴിഞ്ഞ മോന്റ്പെല്ലിയറിനെതിരെയുള്ള മത്സരത്തിൽ പെനാൽറ്റി എടുക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വരും മത്സരങ്ങളെ അത് ബാധിക്കുമോ എന്നുള്ള ആശങ്ക പിഎസ്ജി ആരാധകർക്കിടയിൽ നിലനിന്നിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ ഉടൻ തന്നെ പരിഹരിക്കാൻ സാധിച്ചു എന്നാണ് ഇതിനെക്കുറിച്ച് പിഎസ്ജിയുടെ പരിശീലകനായ ക്രിസ്റ്റോഫ് ഗാൾട്ടിയർ പറഞ്ഞിട്ടുള്ളത്.ലില്ലിക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) August 22, 2022
” നിലവിൽ നെയ്മർ എംബപ്പേക്കുമിടയിൽ ഒരു ബുദ്ധിമുട്ടുകളുമില്ല.എല്ലാം ശരിയായിട്ടുണ്ട്. തീർച്ചയായും ഞങ്ങൾ അടുത്ത ദിവസം തന്നെ ഇക്കാര്യത്തിൽ ചർച്ച സംഘടിപ്പിച്ചിരുന്നു. ഞങ്ങൾ പരസ്പരം എന്തൊക്കെയാണോ പറയേണ്ടത് അതൊക്കെ പറഞ്ഞ് തീർപ്പാക്കിയിരുന്നു.നിലവിൽ ഒരു പ്രശ്നങ്ങളും ഇല്ല എന്നുള്ളത് എനിക്ക് സത്യസന്ധമായി സ്ഥിരീകരിക്കാൻ സാധിക്കും ” ഇതായിരുന്നു പിഎസ്ജിയുടെ പരിശീലകൻ ഗാൾട്ടിയർ പറഞ്ഞിരുന്നത്.
ഇദ്ദേഹം പറഞ്ഞതുപോലെ നെയ്മറും എംബപ്പേയും തമ്മിൽ ഒരു പ്രശ്നങ്ങളുമില്ല എന്നുള്ളത് ലില്ലിക്കെതിരെയുള്ള മത്സരത്തോടുകൂടി വ്യക്തമായിട്ടുണ്ട്. മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. രണ്ടുപേരും മികച്ച ഒത്തിണക്കം മത്സരത്തിൽ പുറത്തെടുക്കുകയും ചെയ്തു.കിലിയൻ എംബപ്പേ നേടിയ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നെയ്മർ ജൂനിയറാണ്. ഏതായാലും ഈ വിവാദങ്ങളെല്ലാം കെട്ടടങ്ങിയതിന്റെ ആശ്വാസത്തിലാണ് നിലവിൽ ക്ലബ്ബിന്റെ ആരാധകരുള്ളത്.