വിരമിക്കുകയാണ് : പ്രഖ്യാപനവുമായി റയൽ മാഡ്രിഡ് പരിശീലകൻ ആഞ്ചലോട്ടി!

ഫുട്ബോൾ ലോകത്തെ ഇതിഹാസ പരിശീലകരിൽ ഒരാളാണ് കാർലോ ആഞ്ചലോട്ടി എന്നുള്ള കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിലെ എല്ലാ ലീഗ് കിരീടവും നേടിയ പരിശീലകനാണ് അദ്ദേഹം. കഴിഞ്ഞ സീസണിൽ റയലിന് ലാലിഗയും യുവേഫ ചാമ്പ്യൻസ് ലീഗും സമ്മാനിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

എന്നാൽ താൻ പരിശീലകവേഷത്തിൽ നിന്നും വിരമിക്കുകയാണ് എന്നുള്ള കാര്യം ആഞ്ചലോട്ടി ഇപ്പോൾ അറിയിച്ചിട്ടുണ്ട്. അതായത് റയൽ മാഡ്രിഡിലെ കരിയർ അവസാനിച്ചു കഴിഞ്ഞാൽ ഇനി മറ്റൊരു ടീമിനെയും പരിശീലിപ്പിക്കാനില്ല എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ആഞ്ചലോട്ടിയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“23 കിരീടങ്ങളാണ് ഞാൻ കരിയറിൽ നേടിയിട്ടുള്ളത്.പക്ഷേ കിരീടങ്ങൾക്ക് ഞാൻ വലിയ പ്രാധാന്യം നൽകാറില്ല.നിലവിൽ ട്രെയിനിങ്ങിലാണ് ഞാൻ ശ്രദ്ധ നൽകുന്നത്. ഓരോ ദിവസവും വർക്ക് ചെയ്യുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു. കുറച്ച് വർഷങ്ങൾ മുമ്പ് വരെ ഞാൻ മുൻഗണന നൽകിയിരുന്നത് ടാക്ക്റ്റിക്സിനായിരുന്നു.പക്ഷേ ഇപ്പോൾ ഞാൻ മാനുഷിക ബന്ധങ്ങൾക്കാണ് മുൻഗണന നൽകുന്നത്. പുതിയ തലമുറയെയും പുതിയ ആളുകളെയും അടുത്തറിയാൻ ഞാൻ ശ്രമിക്കുന്നു. റയൽ മാഡ്രിഡിലെ ഈ ഘട്ടമാണ് എന്റെ കരിയറിലെ അവസാനത്തെ ഘട്ടം. റയൽ മാഡ്രിഡിൽ എന്റെ കരിയർ അവസാനിച്ചതിനുശേഷം ഞാൻ വിരമിക്കും.ഫുട്ബോളിന്റെ ഏറ്റവും തലപ്പത്തുള്ളവരാണ് റയൽ മാഡ്രിഡ് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

നിലവിൽ രണ്ടു വർഷത്തെ കരാർ കൂടി ആഞ്ചലോട്ടിക്ക് റയലുമായി അവശേഷിക്കുന്നുണ്ട്. ഈ കരാർ പുതുക്കപ്പെടാനും സാധ്യതയുണ്ട്.ഏതായാലും ആഞ്ചലോട്ടി വിരമിക്കുന്നത് വലിയൊരു വിടവായിരിക്കും സൃഷ്ടിക്കപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *