ഒരൊറ്റ ക്ലബ്ബിനും റൊണാൾഡോയെ വേണ്ട,യുണൈറ്റഡിന് തന്നെ വേണോ എന്നുള്ള കാര്യത്തിലും എനിക്ക് സംശയമുണ്ട് : ലിവർപൂൾ ഇതിഹാസം കാരഗർ!

വരുന്ന സീസണിലെ ചാമ്പ്യൻസ് ലീഗ് കളിക്കാൻ വേണ്ടി യുണൈറ്റഡ് വിടണമെന്നുള്ള നിലപാടിൽ ഇതുവരെ റൊണാൾഡോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.പക്ഷേ തനിക്ക് അനുയോജ്യമായ ഒരു ക്ലബ്ബിനെ കണ്ടെത്താനും താരത്തിന് കഴിഞ്ഞിട്ടില്ല. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിനാവട്ടെ താരത്തെ നിലനിർത്താൻ തന്നെയാണ് താല്പര്യം.

ഏതായാലും ലിവർപൂളിന്റെ ഇതിഹാസമായ ജാമി കാരഗർ റൊണാൾഡോക്കെതിരെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. അതായത് റൊണാൾഡോക്ക് ഈയൊരു അവസ്ഥ വരുമെന്ന് തനിക്കറിയാമായിരുന്നു എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. വലിയ ക്ലബ്ബുകൾക്കൊന്നും റൊണാൾഡോയെ വേണ്ടെന്നും യുണൈറ്റഡ് തന്നെ അദ്ദേഹത്തെ ആഗ്രഹിക്കുന്നുണ്ടോ എന്നുള്ള കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും കാരഗർ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” റൊണാൾഡോയെ യുണൈറ്റഡ് സൈൻ ചെയ്തത് തന്നെ എനിക്ക് വിചിത്രമായി അനുഭവപ്പെട്ടിരുന്നു. റൊണാൾഡോ ഒരു മികച്ച താരമാണെങ്കിലും ഈയൊരു സാഹചര്യം അദ്ദേഹത്തിന് വരുമെന്ന് എനിക്കറിയാമായിരുന്നു. രണ്ടുവർഷത്തെ കരാറിലാണ് അദ്ദേഹം യുണൈറ്റഡുമായി ഒപ്പുവെച്ചത്.കൂടെ ഒരു വർഷവുമുണ്ടായിരുന്നു. എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.പക്ഷേ ഇപ്പോൾ അദ്ദേഹം രണ്ടാമത്തെ വർഷം തന്നെ കളിക്കാൻ താല്പര്യപ്പെടുന്നില്ല. ഒരു താരം എന്ന നിലയിൽ ഈ ഒരു ഘട്ടത്തിലൂടെ കടന്നുപോകേണ്ടിവരും. റൊണാൾഡോ ഒരു മികച്ച പ്രൊഫഷണൽ തന്നെയാണ്. പക്ഷേ പഴയ താരമല്ല എന്നുള്ളത് മനസ്സിലാക്കണം. അദ്ദേഹം ഇപ്പോൾ 38 ആം വയസ്സിലേക്ക് കടന്നിട്ടുണ്ട്. അദ്ദേഹം പഴയ റൊണാൾഡോ അല്ല.ഇപ്പോഴും അദ്ദേഹം മികച്ച ഗോൾ സ്കോറർ ആയിരിക്കാം. പക്ഷേ പഴയ താരമല്ല എന്നുള്ളത് മനസ്സിലാക്കണം.നിലവിൽ യൂറോപ്പിലെ വലിയ ക്ലബ്ബുകൾക്ക് ഒന്നും തന്നെ അദ്ദേഹത്തെ വേണ്ട. ഒരുപക്ഷേ എനിക്ക് ഇതിൽ തെറ്റുപറ്റിയേക്കാം. എന്നാൽ യുണൈറ്റഡിന്റെ പരിശീലകനായ എറിക്ക് ടെൻ ഹാഗ് തന്നെ റൊണാൾഡോയെ ആഗ്രഹിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡ്രസ്സിംഗ് റൂമിന് അദ്ദേഹത്തെ വേണോ എന്നുള്ള കാര്യത്തിൽ പോലും എനിക്ക് സംശയമുണ്ട് ” ഇതാണ് കാരഗർ പറഞ്ഞിട്ടുള്ളത്.

ഏതായാലും നിലവിൽ റൊണാൾഡോ യുണൈറ്റഡിൽ തന്നെ തുടരാനാണ് സാധ്യതകൾ തെളിഞ്ഞു കാണുന്നത്. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ റൊണാൾഡോയെ കാണാൻ ഫുട്ബോൾ ലോകത്തിന് സാധിച്ചേക്കില്ല .

Leave a Reply

Your email address will not be published. Required fields are marked *