നിങ്ങളുടെ പതനം ആരംഭിച്ചുവെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളൂ : റൊണാൾഡോയോട് ടൊറിബിയോ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല സമയമല്ല. അദ്ദേഹത്തിന് ക്ലബ്ബ് വിടാൻ താല്പര്യമുണ്ടെങ്കിലും യുണൈറ്റഡ് ഇതുവരെ സമ്മതിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ മത്സരം പൂർത്തിയാവുന്നതിന് മുന്നേ റൊണാൾഡോ സ്റ്റേഡിയം വിട്ടതും ഫുട്ബോൾ ലോകത്തെ വലിയ രൂപത്തിൽ ചർച്ചയായിരുന്നു.

ഏതായാലും സ്പാനിഷ് മാധ്യമമായ മാർക്കയുടെ ഫുട്ബോൾ നിരീക്ഷകനായ മിഗേൽ എയ്ഞ്ചൽ ടൊറിബിയോ റൊണാൾഡോയുമായി ബന്ധപ്പെട്ട തന്റെ ചില അഭിപ്രായങ്ങൾ പങ്കുവെച്ചിട്ടുണ്ട്.അതായത് തന്റെ പതനം ആരംഭിച്ചു കഴിഞ്ഞു എന്നുള്ള യാഥാർത്ഥ്യം റൊണാൾഡോ ഉൾകൊള്ളണമെന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്.ടൊറിബിയോയുടെ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

“ക്രിസ്റ്റ്യാനോക്ക് 52-ആം വയസ്സിലും ഒരുപക്ഷേ ഗോളുകൾ നേടാൻ സാധിക്കുമായിരിക്കും.സ്പോർട്ടിങ് ടെംസിൽ അദ്ദേഹത്തിന്റെ പ്രകടനത്തിൽ യാതൊരുവിധ സംശയങ്ങളുമില്ല. പക്ഷേ റൊണാൾഡോ സ്വയം ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു താരമാണ്. തന്റെ പ്രൊഫഷണൽ ഫുട്ബോൾ അവസാനിപ്പിക്കുക എന്നുള്ളത് മികച്ച കളിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. അതുകൊണ്ടുതന്നെ റൊണാൾഡോക്ക് തന്റെ പതനം ആരംഭിച്ചു കഴിഞ്ഞു എന്നുള്ള യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടാവും”.

” പക്ഷേ നിലവിൽ റൊണാൾഡോയെ ഏത് ക്ലബ്ബിനും വേണ്ട എന്നുള്ളതാണ് യാഥാർത്ഥ്യം.യുവന്റസിലാണ് അദ്ദേഹത്തിന്റെ പതനം ആരംഭിച്ചത്. ഞാൻ സംസാരിക്കുന്നത് ഗോളുകളെ കുറിച്ചോ നമ്പറുകളെ കുറിച്ചോ അല്ല. മറിച്ച് ഇമോഷണൽ സൈഡിനെ കുറിച്ചാണ്. ഇപ്പോഴും പ്രൊഫഷണൽ കരിയർ മാത്രം വളർത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.പക്ഷേ ക്ലബ്ബുകൾ അദ്ദേഹത്തെ നിരസിക്കുന്നു. ഇത്രയും മികച്ച ഒരു താരത്തിന് ഈയൊരു അവസ്ഥ വന്നത് സഹതാപം ഉണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ റൊണാൾഡോ തന്റെ പ്രായം പരിഗണിച്ചുകൊണ്ട് യാഥാർത്ഥ്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു ” ഇതാണ് ടൊറിബിയോ പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ റൊണാൾഡോ തന്റെ നിർബന്ധ ബുദ്ധി ഒഴിവാക്കണമെന്നും ചില അഡ്ജസ്റ്റ്മെന്റുകൾക്ക് തയ്യാറാവണമെന്നുമാണ് ഇദ്ദേഹം പറഞ്ഞു വെക്കുന്നത്. പക്ഷേ ഇനിയും തനിക്ക് ഒരുപാട് കാലം കൂടുതൽ മികവോടെ തുടരാൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് റൊണാൾഡോയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *