ബയേൺ വിട്ട് ബാഴ്സയിൽ എത്താൻ കാരണം ഹാലണ്ടോ? സത്യം വെളിപ്പെടുത്തി ലെവന്റോസ്ക്കി!

സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കിയെ ബയേണിൽ നിന്നും സ്വന്തമാക്കാൻ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണക്ക് സാധിച്ചിരുന്നു. തുടക്കത്തിൽ താരത്തെ കൈവിടാൻ ബയേൺ ഒരുക്കമല്ലായിരുന്നു.എന്നാൽ ലെവന്റോസ്ക്കി തന്നെ നിർബന്ധം പിടിച്ചതോടെ ബയേൺ വഴങ്ങുകയായിരുന്നു.

അതേസമയം റോബർട്ട് ലെവന്റോസ്ക്കി അറിയാതെ സൂപ്പർതാരം എർലിംഗ് ഹാലണ്ടുമായി ബയേൺ ചർച്ച നടത്തിയത് കൊണ്ടാണ് ലെവന്റോസ്ക്കി ബയേൺ വിടാൻ തീരുമാനിച്ചത് എന്നുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.ഇതിനോടിപ്പോൾ ലെവന്റോസ്ക്കി തന്നെ പ്രതികരിച്ചിട്ടുണ്ട്.ബയേൺ വിടാൻ കാരണം ഹാലണ്ട് അല്ലെന്നും തന്നെക്കുറിച്ച് ഒരുപാട് അസംബന്ധങ്ങൾ പ്രചരിക്കുന്നുണ്ട് എന്നുമാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“ഞാൻ ബയേൺ വിട്ടതിന് ഹാലണ്ടുമായി യാതൊരുവിധ ബന്ധവുമില്ല. എന്താണ് സംഭവിച്ചത് എന്നുള്ളത് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.ഹാലണ്ട് ബയേണിൽ എത്തിയാലും പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു. പക്ഷേ ആളുകൾ ഒരുപാട് അസംബന്ധങ്ങളാണ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. സത്യം എന്തെന്നാൽ ബയേൺ വിട്ടുകൊണ്ട് ബാഴ്സയിൽ എത്താനുള്ള ശരിയായ സമയം ഇതാണ് എന്നുള്ളത് എനിക്ക് തോന്നി. എന്റെ കരിയറിലെ പുതിയ ഒരു അധ്യായമാണ് ഇത്.ശരിയായ സ്ഥലത്താണ് ഞാൻ ഉള്ളത് എന്നാണ് എനിക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്. തീർച്ചയായും ബയേണിലെ എല്ലാവരുമായും എനിക്ക് നല്ല ബന്ധം തന്നെയാണുള്ളത് ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.

ബാഴ്സക്ക് വേണ്ടി അരങ്ങേറ്റം കുറിക്കാൻ ലെവന്റോസ്ക്കിക്ക് സാധിച്ചിരുന്നുവെങ്കിലും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഇനി ബാഴ്സയുടെ അടുത്ത മത്സരം ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *