വേൾഡ് കപ്പ് കളിക്കണം,കിരീടം നേടണം : ടീം മാറ്റത്തെ കുറിച്ച് ജീസസ് പറയുന്നു!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരമായ ഗബ്രിയേൽ ജീസസ് മാഞ്ചസ്റ്റർ സിറ്റി വിട്ടുകൊണ്ട് ആഴ്സണലിൽ എത്തിയത്. ആഴ്സണലിന് വേണ്ടി മികച്ച രൂപത്തിൽ തുടങ്ങാൻ ജീസസിന് സാധിച്ചിരുന്നു. ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളിലും ഗോൾ നേടാൻ ഈ ബ്രസീലിയൻ സൂപ്പർതാരത്തിന് കഴിഞ്ഞിരുന്നു.

ഏതായാലും എന്തുകൊണ്ടാണ് ഈ ട്രാൻസ്ഫർ ജാലകത്തിൽ ടീം മാറിയത് എന്നുള്ളതിന്റെ ഉത്തരം ഇപ്പോൾ ജീസസ് നൽകിയിട്ടുണ്ട്.തന്റെ കരിയറും ബ്രസീലിന്റെ ദേശീയ ടീമിനെയും പരിഗണിച്ചുകൊണ്ടാണ് താൻ ക്ലബ്ബ് വിട്ടത് എന്നാണ് ജീസസ് പറഞ്ഞിട്ടുള്ളത്. വരുന്ന ഖത്തർ വേൾഡ് കപ്പും അതിലൊരു കാരണമാണെന്നും ജീസസ് കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” എന്റെ കരിയറിലെ ഈ മാറ്റം നടത്താൻ വേണ്ടി ഞാൻ ആദ്യമായി ചിന്തിച്ചത് എന്നെ കുറിച്ചാണ്.ഒരു താരമെന്ന നിലയിലും ഒരു വ്യക്തിയെന്ന നിലയിലും ഞാൻ ആലോചിച്ചു. പിന്നീട് ഞാൻ ചിന്തിച്ചത് ബ്രസീലിന്റെ ദേശീയ ടീമിനെ കുറിച്ചാണ്.എപ്പോഴും ദേശീയ ടീമിൽ ഉണ്ടായിരിക്കുക എന്നുള്ളത് അഭിമാനകരമായ ഒരു കാര്യമാണ്. മാത്രമല്ല ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും അത് തന്നെയാണ്. വരുന്ന വേൾഡ് കപ്പിൽ ബ്രസീലിന്റെ ഭാഗമാകുന്നതിനെ കൂടി ഞാൻ പരിഗണിച്ചിട്ടുണ്ട്. തീർച്ചയായും ഈ വേൾഡ് കപ്പ് കിരീടം നേടാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ” ഇതാണ് ഗബ്രിയേൽ ജീസസ് പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ 2018ലെ റഷ്യൻ വേൾഡ് കപ്പിൽ ബ്രസീലിയൻ ടീമിൽ ഇടം നേടാൻ ജീസസിന് സാധിച്ചിരുന്നു. പക്ഷേ അന്ന് ഗോൾ ക്ഷാമം നേരിട്ട ജീസസിന് വിമർശനങ്ങൾ ഏൽക്കേണ്ടി വരികയും ചെയ്തിരുന്നു. പക്ഷേ ഇത്തവണ താരം പ്രതീക്ഷക്കൊത്ത് ഉയരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *