ഒരു കലണ്ടർ വർഷത്തിൽ 127 ഗോളുകൾ,ദേശീയനിധിയായതിനാൽ വിലക്ക്,പെലെയുടെ റെക്കോർഡുകൾ പുറത്ത് വിട്ട് ഫിഫ!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി വാഴ്ത്തപ്പെടുന്ന താരമാണ് ബ്രസീലിയൻ ഇതിഹാസമായ പെലെ. 3 വേൾഡ് കപ്പ് കിരീടങ്ങൾ ബ്രസീലിനൊപ്പം നേടാൻ പെലെക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതിച്ചേർത്തിട്ടുള്ള ഇതിഹാസം കൂടിയാണ് പെലെ. ഏതായാലും പെലയുമായി ബന്ധപ്പെട്ട ചില റെക്കോർഡുകളും അപൂർവമായ കാര്യങ്ങളും ഇപ്പോൾ FIFA പുറത്തുവിട്ടിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം.

1- വേൾഡ് കപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം, ഹാട്രിക് നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം,ഫൈനലിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം,ഫൈനലിൽ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരം, ഈ റെക്കോർഡുകൾ എല്ലാം പെലെയുടെ പേരിലാണ്.

2- ബ്രസീലിനു വേണ്ടി പെലെയും ഗാരിഞ്ചയും ചേർന്നുകൊണ്ട് 6 വേൾഡ് കപ്പ് മത്സരങ്ങളും നിരവധി കോപ്പ അമേരിക്ക മത്സരങ്ങളും ഒരുമിച്ച് കളിച്ചിട്ടുണ്ട്.അർജന്റീന,ഫ്രാൻസ്,ഇംഗ്ലണ്ട്,പോർച്ചുഗൽ, സോവിയറ്റ് യൂണിയൻ,സ്പെയിൻ,വെസ്റ്റ്‌ ജർമ്മനി തുടങ്ങിയ വമ്പൻമാരെയൊക്കെ ഇവർ നേരിട്ടിട്ടുണ്ട്. ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ ഒരൊറ്റ മത്സരത്തിൽ പോലും ബ്രസീൽ പരാജയപ്പെട്ടിട്ടില്ല എന്നുള്ളതാണ്.

3-1961-ൽ പെലെയെ സൈൻ ചെയ്യാൻ വേണ്ടി വമ്പൻമാരായ ഇന്റർ മിലാൻ,യുവന്റസ്,മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് എന്നിവർ സാന്റോസിനെ സമീപിച്ചിരുന്നു. എന്നാൽ ബ്രസീലിയൻ ഗവൺമെന്റും പ്രസിഡന്റും പെലെയെ വിദേശ ക്ലബ്ബുകളിലേക്ക് പോകുന്നതിൽ നിന്നും വിലക്കുകയായിരുന്നു.പെലെയെ ദേശീയ നിധി ആയികൊണ്ടായിരുന്നു ബ്രസിലിയൻ ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നത്.

4-1970-ലെ മെക്സിക്കൻ വേൾഡ് കപ്പിൽ പെലെ ആകെ നേടിയത് 6 അസിസ്റ്റുകളാണ്. ഒരു വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമെന്ന റെക്കോർഡ് പെലെയുടെ പേരിലാണ്.

5-1959-ൽ സാന്റോസിന് വേണ്ടി 127 ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്. ഒരു കലണ്ടർ വർഷത്തിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന ഗോളുകളാണ് ഇത്.

6- ബ്രസീലിന് വേണ്ടി കളിച്ച 20 മത്സരങ്ങളിൽ നിന്നാണ് പെലെ 25 ഗോളുകൾ പൂർത്തിയാക്കിയത്. അന്താരാഷ്ട്ര ഫുട്ബോളിൽ രാജ്യത്തിന് വേണ്ടി 25 ഗോളുകൾ നേടിയ മറ്റൊരു കൗമാരക്കാരനും ഫുട്ബോൾ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

ഇതാണിപ്പോൾ ഫിഫ പുറത്തുവിട്ടിരിക്കുന്ന പെലെയുടെ ചില കണക്കുകൾ. ഇതിനുപുറമെ ഒട്ടനവധി റെക്കോർഡുകൾ സ്വന്തം പേരിലുള്ള ഇതിഹാസം കൂടിയാണ് പെലെ.

Leave a Reply

Your email address will not be published. Required fields are marked *