ഓസ്ക്കാർ ബ്രസീലിലേക്ക് മടങ്ങിയെത്തുന്നു!

ഒരുകാലത്ത് ബ്രസീലിന്റെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്ന ഓസ്‌കാർ നിലവിൽ ചൈനീസ് ലീഗിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ചൈനീസ് ക്ലബ്ബായ ഷാങ്ഹായ്ക്ക് വേണ്ടിയാണ് ഈ മധ്യനിര താരം താരം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ചൈനീസ് ലീഗ് വിട്ടുകൊണ്ട് ബ്രസീലിലേക്ക് തന്നെ മടങ്ങാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഓസ്ക്കാറുള്ളത്.

ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോയാണ് താരത്തിന് വേണ്ടി നീക്കങ്ങൾ ആരംഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇപ്പോൾ തുടക്കമായിട്ടുണ്ട്. 2023 ജനുവരി വരെയുള്ള ഒരു ചെറിയ കാലയളവിലേക്ക് താരത്തെ എത്തിക്കാനാണ് ഇപ്പോൾ ബ്രസീലിയൻ ക്ലബ്ബായ ഫ്ലമെങ്കോ ശ്രമിച്ച് കൊണ്ടിരിക്കുന്നത്.

2024 നവംബർ വരെയാണ് ഓസ്ക്കാറിന് ഷാങ്ഹായുമായി കരാർ അവശേഷിക്കുന്നത്. പക്ഷേ ചൈനീസ് ലീഗിൽ കളിക്കുന്നത് അവസാനിപ്പിക്കാനുള്ള താൽപ്പര്യം ഇപ്പോൾ താരം പ്രകടിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതോടുകൂടിയാണ് ഫ്ലമെങ്കോ താരത്തിന് വേണ്ടി രംഗത്ത് വന്നിട്ടുള്ളത്. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ, പ്രമുഖ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ എന്നിവരൊക്കെ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

2017-ൽ ചെൽസിയിൽ നിന്നായിരുന്നു ഓസ്കാർ ചൈനീസ് ലീഗിൽ എത്തിയത്.173 മത്സരങ്ങളാണ് ഇദ്ദേഹം ഷാങ്ഹായ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്. 51 ഗോളുകളും 94 അസിസ്റ്റുകളും ഇക്കാലയളവിൽ ഓസ്കാർ കരസ്ഥമാക്കിയിട്ടുണ്ട്.മുപ്പതുകാരനായ താരം ബ്രസീലിന് വേണ്ടി 48 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.അതിൽനിന്ന് 12 ഗോളുകളും കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *