ക്രിസ്റ്റ്യാനോയും ദിബാലയും തിളങ്ങി, യുവന്റസിന് ഉജ്ജ്വലവിജയം

സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പൌലോ ദിബാലയും മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ യുവന്റസിന് തകർപ്പൻ ജയം. സിരി എയിലെ ഇരുപത്തിയെട്ടാം റൗണ്ട് പോരാട്ടത്തിൽ സ്വന്തം മൈതാനത്ത് വെച്ച് ലെച്ചെയെയാണ് യുവന്റസ് തകർത്തു വിട്ടത് എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു യുവന്റസിനെ വിജയം. ഒരു ഗോളും രണ്ട് അസിസ്റ്റുമായി കളം നിറഞ്ഞാടിയ ക്രിസ്റ്റ്യാനോയാണ് വിജയശില്പി. പൌലോ ദിബാല, ഗോൺസാലോ ഹിഗ്വയ്ൻ, ഡിലൈറ്റ് എന്നിവരാണ് ശേഷിച്ച ഗോളുകൾ കണ്ടെത്തിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ യുവന്റസിന് ഒട്ടേറെ ഗോളവസരങ്ങൾ ലഭിച്ചിരുന്നു. ജയത്തോടെ ഒന്നാം സ്ഥാനം ഭദ്രമാക്കാനും യുവന്റസിന് കഴിഞ്ഞു. 28 മത്സരങ്ങളിൽ നിന്ന് 22 വിജയത്തോടെ 69 പോയിന്റുമായി യുവന്റസാണ് തലപ്പത്ത്. ഒരു മത്സരം കുറച്ചു ലാസിയോ 62 പോയിന്റുമായി രണ്ടാമതാണ്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ഒരുപാട് അവസരങ്ങൾ യുവന്റസിന് ലഭിച്ചിരുന്നു. തുടക്കത്തിൽ തന്നെ റാബിയോട്ടിന്റെ തകർപ്പൻ ഷോട്ട് ലെച്ചെ ഗോൾ കീപ്പർ രക്ഷപ്പെടുത്തുകയായിരുന്നു. പിന്നാലെ മുപ്പത്തിരണ്ടാം മിനിറ്റിൽ ഫാബിയോ ലൂസിയോണി ഡയറക്ട് റെഡ് കാർഡ് പുറത്തു പോയതോടെ ആദ്യപകുതിയിൽ തന്നെ ലെച്ചെ പത്ത് പേരായി ചുരുങ്ങി. പിന്നാലെ ദിബാലയുടെ കോർണർ കിക്കിൽ നിന്നും ഫ്രീ ഹെഡറിലൂടെ വലകുലുക്കാൻ റൊണാൾഡോ അവസരം ലഭിച്ചുവെങ്കിലും താരത്തിന്റെ ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോവുകയായിരുന്നു. രണ്ടാം പകുതിയുടെ അൻപത്തിമൂന്നാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു യുവന്റസിന് ആദ്യഗോൾ നേടാൻ. ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ പന്ത് ബോക്സിന് വെളിയിൽ നിന്നും തകർപ്പനൊരു ഷോട്ടിലൂടെ വലയിലെത്തിച്ചു കൊണ്ട് ദിബാലയാണ് ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്.

പത്ത് മിനിട്ടുകൾ തികയും മുൻപേ ക്രിസ്റ്റ്യാനോയുടെ ഗോളും താരത്തെ തന്നെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഒരു പിഴവും കൂടാതെ റൊണാൾഡോ വലയിലെത്തിച്ചു. മത്സരത്തിന്റെ എൺപത്തിമൂന്നാം മിനിറ്റിൽ ഹിഗ്വയ്ൻ ഗോൾ നേടി. ക്രിസ്റ്റ്യാനോ നടത്തിയ മുന്നേറ്റത്തിനൊടുവിൽ താരത്തിന്റെ ബാക്ക് പാസ്സ് എതിർതാരത്തിൽ സ്പർശിച്ച് ഹിഗ്വയ്‌നിൽ എത്തിച്ചേർന്നു. താരത്തിന്റെ ഷോട്ട് വലയിൽ പതിച്ചു. 85-ആം മിനിറ്റിൽ ഡഗ്ലസ് കോസ്റ്റയുടെ ക്രോസിൽ നിന്നും ഡിലൈറ്റ് ഹെഡറിൽ കൂടി ഗോൾ നേടിയതോടെ യുവന്റസിന്റെ ഗോൾ പട്ടിക പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *