43 കിരീടങ്ങളുണ്ട്,ഞാനിപ്പോഴും എജ്ജാതി കളിയാണ്,ആരെങ്കിലുമൊന്ന് ടീമിലെടുക്കൂ : ഡാനി ആൽവസ്

കഴിഞ്ഞ ദിവസമായിരുന്നു എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർതാരമായ ഡാനി ആൽവസിന്റെ ക്ലബുമായുള്ള കരാർ അവസാനിച്ചത്.ഇതോടെ താരം ഫ്രീ ഏജന്റായിരുന്നു.39-കാരനായ താരം പുതിയ ക്ലബ്ബിന് വേണ്ടിയുള്ള അന്വേഷണത്തിലാണ്.ഈ വർഷം വേൾഡ് കപ്പ് നടക്കുന്നതിനാൽ യൂറോപ്പിൽ തന്നെ തുടരാനാണ് ഡാനി ആൽവസിന്റെ പദ്ധതി.

ഏതായാലും ബാഴ്സയുമായി കരാർ അവസാനിച്ചതോടുകൂടി ഡാനി ആൽവസ് സ്വയം ഒരു വില്പന പരസ്യം പങ്കുവെച്ചിട്ടുണ്ട്. അതായത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കഴിഞ്ഞ സീസണിലെ തന്റെ പ്രകടനത്തിന്റെ വീഡിയോയാണ് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. കുറച്ച് പ്രായമായെങ്കിലും മികച്ച പ്രകടനമാണ് താൻ പുറത്തെടുക്കുന്നതെന്നും ആർക്ക് വേണമെങ്കിലും ടീമിൽ എടുക്കാമെന്നാണ് തമാശ രൂപേണ ഡാനി ആൽവസ് കുറിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇപ്പോൾ എന്റെ കരാർ അവസാനിച്ചിരിക്കുന്നു.നിങ്ങൾക്ക് എന്നെ അറിയാമല്ലോ. പഴയ കരാർ അവസാനിക്കാതെ ഞാൻ പുതിയതൊന്ന് ഏറ്റെടുക്കാൻ പോവില്ല.എന്നെ സ്വയം വിൽക്കാനുള്ള അവസരം ഞാനിപ്പോൾ പങ്കുവെക്കുകയാണ്. ഞാൻ വളരെയധികം പ്രായമുള്ളവനാണ്, മാത്രമല്ല മാർക്കറ്റിൽ വലിയ പ്രാധാന്യം ഇല്ലാത്തവനുമാണ്. പക്ഷേ ഈ വീഡിയോ നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. ഈ പ്രായമായ ഞാൻ ഇപ്പോഴും തല ഉയർത്തിക്കൊണ്ട് മികച്ച പ്രകടനം പുറത്തെടുക്കുന്നത് നിങ്ങൾക്ക് കാണാം. മാത്രമല്ല എന്റെ ഇന്റൻസിറ്റിയെയും നിങ്ങൾക്ക് അഭിനന്ദിക്കാം.ഏതായാലും നമുക്ക് തമാശകൾ ഒന്ന് മാറ്റി വെക്കാം. ഞാനിപ്പോൾ മാർക്കറ്റിൽ ഫ്രീ ഏജന്റാണ്. എന്റെ പേര് ഡാനി ആൽവസ്, ഞാനൊരു ബ്രസീലിയനാണ്. മാത്രമല്ല നല്ലവനായ ഭ്രാന്തൻ എന്നും ഞാൻ അറിയപ്പെടുന്നുണ്ട്.എനിക്ക് 39 വയസ്സുണ്ട്. 43 കിരീടങ്ങൾ നേടിയ ഞാനാണ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരം. ഞാൻ എന്റെ അമ്പതാം വയസുവരെ കളിക്കാൻ പോവുകയാണ് ” ഇതാണ് ഡാനി ആൽവസ് തമാശ രൂപേണ കുറിച്ചിട്ടുള്ളത്.

ചുരുക്കത്തിൽ താൻ ഫ്രീ ഏജന്റായിട്ടുണ്ട്, താല്പര്യമുള്ള ക്ലബ്ബുകൾക്ക് ബന്ധപ്പെടാം എന്നത് തമാശ രൂപേണ അവതരിപ്പിക്കുകയാണ് ഡാനി ആൽവസ് ചെയ്തിട്ടുള്ളത്.റൊണാൾഡോ നസാരിയോയുടെ റയൽ വല്ലഡോലിഡിന് താല്പര്യമുണ്ട് എന്ന റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും കാര്യമായ പുരോഗതികൾ രേഖപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *