ബാഴ്സ സ്വന്തമാക്കാനുദ്ദേശിക്കുന്ന താരത്തെ റാഞ്ചണം,ഏജന്റുമായി ചർച്ച നടത്തി PSG!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്പാനിഷ് വമ്പന്മാരായ എഫ്സി ബാഴ്സലോണ ഏറ്റവും കൂടുതൽ ലക്ഷ്യം വയ്ക്കുന്ന സൂപ്പർ താരമാണ് റോബർട്ട് ലെവന്റോസ്ക്കി. താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോഴും ബാഴ്സ തുടരുകയാണ്.എന്നാൽ ബയേൺ മ്യൂണിക്ക് ഇതുവരെ വഴങ്ങിയിട്ടില്ല.

മാത്രമല്ല താരത്തിനു വേണ്ടി വലിയൊരു തുകയാണ് നിലവിൽ ബയേൺ ആവശ്യപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം ഇത് നൽകാൻ ബാഴ്സ തയ്യാറായിട്ടുമില്ല. ഈ ഒരു അവസരം മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയുള്ളത്.ലെവന്റോസ്ക്കിയെ സ്വന്തമാക്കാൻ പിഎസ്ജിക്ക് താല്പര്യമുണ്ട് എന്ന് മാത്രമല്ല അവർ അതിനുള്ള നീക്കങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പ്രമുഖ മാധ്യമമായ ഫൂട്ട്മെർക്കാറ്റോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ലെവന്റോസ്ക്കിയുടെ ഏജന്റായ പിനി സഹാവിയുമായി പിഎസ്ജിയുടെ ഡയറക്ടർമാരിൽ ഒരാളായ ആന്റെറോ ഹെൻറിക്വ ചർച്ച നടത്തിയിട്ടുണ്ട്.പിഎസ്ജിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് പിനി സഹാവി. ഇത് തങ്ങൾക്ക് മുതൽക്കൂട്ടാവുമെന്നാണ് പിഎസ്ജി പ്രതീക്ഷിക്കുന്നത്.

കിലിയൻ എംബപ്പെ ഉണ്ടെങ്കിലും ലെവന്റോസ്ക്കിയെ കൂടി മുന്നേറ്റ നിരയിലേക്ക് എത്തിക്കാനാണ് നിലവിൽ പിഎസ്ജിയുടെ പദ്ധതി. താരത്തെ സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക സൂപ്പർ താരം നെയ്മർ ജൂനിയറെയായിരിക്കും. ഒരുപക്ഷേ നെയ്മർക്ക് ക്ലബ്ബ് വിടേണ്ടി വന്നേക്കും. എന്നാൽ ലെവന്റോസ്ക്കി പിഎസ്ജിയിലേക്ക് വരുമോ എന്നുള്ളതാണ് ഇവിടുത്തെ പ്രധാനപ്പെട്ട ചോദ്യചിഹ്നം. കാരണം ലെവൻഡോവ്സ്കി ഏറ്റവും കൂടുതൽ പോകാൻ ആഗ്രഹിക്കുന്നത് ബാഴ്സയിലേക്കാണ് എന്നുള്ളത് നേരത്തെതന്നെ വ്യക്തമായ ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *