റാമോസ് ഗോളടിച്ചു, വിരാമമായത് റയലിന്റെ നീണ്ട ഫ്രീകിക്ക് ഗോൾ ക്ഷാമത്തിന്

ലാലിഗയിൽ ഇന്നലെ നടന്ന മുപ്പത്തിയൊന്നാം റൗണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ്‌ റയൽ മയ്യോർക്കയെ തകർത്തു വിട്ടത്. മത്സരത്തിൽ റയൽ മാഡ്രിഡിന്റെ രണ്ടാം ഗോൾ കണ്ടെത്തിയത് നായകൻ സെർജിയോ റാമോസായിരുന്നു. മത്സരത്തിന്റെ അൻപത്തിയാറാം മിനുട്ടിലാണ് റാമോസ് തകർപ്പനൊരു ഫ്രീകിക്കിലൂടെ ഗോൾ നേടിയത്. താരത്തിന്റെ 69-മത്തെ ലാലിഗ ഗോളായിരുന്നു അത്. ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഡിഫൻഡർ എന്ന റെക്കോർഡ് താരം കഴിഞ്ഞ മത്സരത്തിൽ തന്നെ നേടിയെടുത്തിരുന്നു. എന്നാൽ ഇന്നലത്തെ ഫ്രീകിക്ക് ഗോളിന്റെ പ്രത്യേകത മറ്റൊന്നാണ്. റയൽ മാഡ്രിഡിന്റെ ഏറെ നാളെത്തെ ഫ്രീകിക്ക് ഗോൾ ക്ഷാമത്തിനാണ് വിരാമമായത്. ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് റയൽ മാഡ്രിഡ്‌ ഫ്രീകിക്കിലൂടെ ഒരു ഗോൾ നേടുന്നത്.

2019 ജനുവരിയിൽ റയൽ ബെറ്റിസിനെതിരെയാണ് ഇതിന് മുമ്പ് റയൽ ഫ്രീകിക്കിലൂടെ ഗോൾ നേടിയത്. നിലവിൽ ആഴ്‌സണലിൽ ലോണിൽ കളിക്കുന്ന ഡാനി സെബയോസായിരുന്നു അന്ന് ഗോൾ കണ്ടെത്തിയത്. അതിന് ശേഷം ഇത് വരെ ഒരു ഡയറക്ട് ഫ്രീകിക്ക് ഗോൾ റയലിന് നേടാൻ കഴിഞ്ഞിരുന്നില്ല. ഗാരെത് ബെയ്ൽ, ലൂക്ക മോഡ്രിച്, ടോണി ക്രൂസ് തുടങ്ങിയ വമ്പൻമാരെല്ലാം ഇക്കാലയളവിൽ ശ്രമിച്ചിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. അങ്ങനെ 528 ദിവസത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് റയൽ മാഡ്രിഡ്‌ ഒരു ഫ്രീക്കിക്ക് ഗോൾ ഇന്നലെ നേടിയത്. അതും ഡിഫൻഡറായ സെർജിയോ റാമോസിന്റെ ബൂട്ടുകളിൽ നിന്ന്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിടവാങ്ങലിന് ശേഷമാണ് റയൽ ഫ്രീകിക്ക് ഗോൾ ക്ഷാമം നേരിട്ട് തുടങ്ങിയത്. താരത്തിന്റെ കാലത്ത് ഇടവേളകളിൽ റയലിന് ഫ്രീകിക്ക് ഗോളുകൾ ലഭ്യമായിരുന്നു.എന്നാൽ റയൽ വിട്ട ശേഷം ഫ്രീകിക്കിന്റെ കാര്യത്തിൽ ക്രിസ്റ്റ്യാനോയും മോശമാണ്. ബോലോഗ്‌നക്കെതിരെ താരത്തിന്റെ ഭാഗത്ത്‌ നിന്നും മോശമായ ഒരു ഫ്രീകിക്ക് പിറന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *