ഹാലണ്ടിന്റെ സ്ഥാനത്തേക്ക് അയാക്സ് സൂപ്പർ താരത്തെ സ്വന്തമാക്കി ഡോർട്മുണ്ട്!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരമായ എർലിംഗ് ഹാലണ്ടിനെ ജർമ്മൻ വമ്പൻമാരായ ബോറൂസിയ ഡോർട്മുണ്ടിന് നഷ്ടമായത്. 60 മില്യൺ യൂറോക്ക് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയാണ് ഹാലണ്ടിനെ സ്വന്തമാക്കിയത്.താരത്തിന്റെ അഭാവം അടുത്ത സീസണിൽ ഡോർട്മുണ്ടിന് തിരിച്ചടിയായേക്കും.

എന്നാൽ ഹാലണ്ടിന്റെ സ്ഥാനത്തേക്ക് മറ്റൊരു സൂപ്പർതാരത്തെ ഇപ്പോൾ ഡോർട്മുണ്ട് സ്വന്തമാക്കിയിട്ടുണ്ട്.ഡച്ച് ക്ലബ്ബായ അയാക്ഡിന്റെ ഐവറി കോസ്റ്റ് താരമായ സെബാസ്റ്റ്യൻ ഹാലറിനെയാണ് ഡോർട്മുണ്ട് സ്വന്തമാക്കിയിട്ടുള്ളത്. പ്രമുഖ ഫുട്ബോൾ ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണം നടത്തിയിട്ടുള്ളത്.

35 മില്യൺ യുറോയാണ് താരത്തിന് വേണ്ടി ബോറൂസിയ ചിലവഴിക്കുക. പേഴ്സണൽ ടെംസെല്ലാം അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്.27-കാരനായ താരം സമീപകാലത്ത് മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

2021 ജനുവരിയിലായിരുന്നു ഹാലർ പ്രീമിയർ ലീഗ് ക്ലബ്ബായ വെസ്റ്റ് ഹാം യുണൈറ്റഡ് വിട്ടുകൊണ്ട് അയാക്സിൽ എത്തിയത്.വെസ്റ്റ് ഹാമിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല . എന്നാൽ അയാക്സിന് വേണ്ടിയുള്ള ആദ്യ സീസണിൽ 13 ഗോളുകൾ നേടാൻ താരത്തിന് കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ഡച്ച് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ഹാലറാണ്.21 ഗോളുകളായിരുന്നു താരം നേടിയിരുന്നത്. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ആകെ കളിച്ച 8 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും ഹാലർ സ്വന്തമാക്കിയിട്ടുണ്ട്.

ബുണ്ടസ്ലിഗയിൽ കളിച്ചു പരിചയം കൂടിയുള്ള താരമാണ് ഹാലർ. രണ്ട് സീസണായിരുന്നു ഫ്രാങ്ക്‌ഫർട്ടിന് വേണ്ടി കളിച്ചിരുന്നത്. ഏതായാലും ആ പരിചയസമ്പത്ത് ഉപയോഗപ്പെടുമെന്നുള്ള പ്രതീക്ഷയിലാണ് ഡോർട്മുണ്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *