ഫ്രാൻസ് ദേശീയ ടീമിൽ നിന്നും വിരമിക്കാൻ എംബപ്പെ ആഗ്രഹിച്ചുവെന്ന വെളിപ്പെടുത്തൽ,പ്രസിഡന്റിന് നേരിട്ട് മറുപടി നൽകി താരം!

കഴിഞ്ഞ യൂറോ കപ്പിൽ ലോകചാമ്പ്യൻമാരായ ഫ്രാൻസ് പ്രീക്വാർട്ടറിൽ തന്നെ തോറ്റു പുറത്തായിരുന്നു.സ്വിറ്റ്സർലാന്റായിരുന്നു പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം കിലിയൻ എംബപ്പെയായിരുന്നു ഫ്രാൻസിന്റെ പെനാൽറ്റി നഷ്ടപ്പെടുത്തിയത്.അന്ന് എംബപ്പെക്ക് വലിയ വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിരുന്നു.

ഏതായാലും ഇതുമായി ബന്ധപ്പെട്ട ഒരു പ്രസ്താവന ഈയിടെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡണ്ടായ നോയൽ ലെ ഗ്രേറ്റ് നടത്തിയിരുന്നു. അതായത് യൂറോ കപ്പിനു ശേഷം ഫ്രാൻസ് ടീമിന് ടീമിന് വേണ്ടി കളിക്കുന്നത് നിർത്താൻ എംബപ്പെ ആഗ്രഹിച്ചിരുന്നു എന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്. പെനാൽറ്റി പാഴാക്കിയതിന് ശേഷം ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനിൽ നിന്ന് സപ്പോർട്ട് ലഭിക്കുന്നില്ല എന്ന തോന്നൽ കൊണ്ടാണ് എംബപ്പെ അങ്ങനെ ആഗ്രഹിച്ചതെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ ഈ വിഷയത്തിൽ പ്രസിഡന്റിന് ഇപ്പോൾ എംബപ്പെ നേരിട്ട് തന്നെ മറുപടി നൽകിയിട്ടുണ്ട്. അതായത് പെനാൽറ്റിയുടെ വിഷയം കൊണ്ടല്ലെന്നും മറിച്ച് റേസിസം കൊണ്ടാണ് അങ്ങനെ ആലോചിച്ചത് എന്നുമാണ് എംബപ്പേ പറഞ്ഞിട്ടുള്ളത്. തന്റെ ട്വിറ്ററിലൂടെയാണ് എംബപ്പെ മറുപടി നൽകിയത്.താരത്തിന്റെ ട്വീറ്റ്‌ ഇങ്ങനെയാണ്.

” ഞാൻ ഒടുവിൽ അദ്ദേഹത്തോട് ഇതേക്കുറിച്ച് വിശദീകരിച്ചതാണ്. കാരണം അത് വംശീയ അധിക്ഷേപവുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ പെനാൽറ്റിയുമായി ബന്ധപ്പെട്ടതല്ല. പക്ഷേ ഇവിടെ റേസിസം സംഭവിച്ചിട്ടേയില്ല എന്നാണ് അദ്ദേഹം പറയുന്നത് ” ഇതാണ് എംബപ്പെ പറഞ്ഞിട്ടുള്ളത്.

ചുരുക്കത്തിൽ വംശീയ അധിക്ഷേപം കൊണ്ടാണ് താൻ അങ്ങനെ ആലോചിച്ചത് എന്നാണ് എംബപ്പേയുടെ വാക്കുകളിൽ നിന്നും വ്യക്തമാവുന്നത്. ഏതായാലും എംബപ്പേയും ഫെഡറേഷനും തമ്മിലുള്ള പ്രശ്നങ്ങൾ ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *