കരാർ പുതുക്കില്ലെന്ന് ബാഴ്സ,വിരലിലെണ്ണാവുന്ന മാസങ്ങൾ മാത്രം ചിലവഴിച്ച് ഡാനി മടങ്ങുന്നു!
കഴിഞ്ഞ നവംബർ മാസത്തിലായിരുന്നു ബ്രസീലിയൻ സൂപ്പർ താരമായ ഡാനി ആൽവസിനെ എഫ്സി ബാഴ്സലോണ തിരികെ ടീമിലേക്ക് എത്തിച്ചത്. എന്നാൽ ജനുവരി വരെ അദ്ദേഹത്തിന് കളിക്കാൻ കാത്തിരിക്കേണ്ടിവന്നു. ഈ സീസൺ അവസാനിക്കും വരെയായിരുന്നു ബാഴ്സ അദ്ദേഹത്തിന് കരാർ നൽകിയിരുന്നത്.
ഖത്തർ വേൾഡ് കപ്പ് മുന്നിൽ നിൽക്കെ ഈ കരാർ പുതുക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ഡാനി ആൽവസ് ഉണ്ടായിരുന്നത്. ഇക്കാര്യം അദ്ദേഹം തുറന്നു പറയുകയും ചെയ്തിരുന്നു.എന്നാൽ കരാർ പുതുക്കാനാവില്ല എന്നുള്ള കാര്യം ബാഴ്സയിപ്പോൾ ഡാനി ആൽവസിനെ അറിയിച്ചിട്ടുണ്ട്.അതായത് താരം ബാഴ്സയോട് വിടചൊല്ലുകയാണ്.
Just seven months after rejoining the club, Barça have told Dani Alves they will not renew his contract this summer, per multiple reports pic.twitter.com/WNdZrwHkKX
— B/R Football (@brfootball) June 15, 2022
താൻ ബാഴ്സ വിടുകയാണ് എന്നുള്ള കാര്യം ഡാനി ആൽവെസ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. ഇതാണ് വിട പറയാനുള്ള സമയം എന്നാണ് ആരാധകരോട് ഡാനി പറഞ്ഞിട്ടുള്ളത്. തന്റെ ബാഴ്സയിലേക്കുള്ള രണ്ടാം വരവിൽ കേവലം 7 മാസങ്ങൾ മാത്രം ചിലവഴിച്ചു കൊണ്ടാണ് ഡാനി മടങ്ങുന്നത്.
സാവിക്ക് കീഴിൽ കേവലം 16 മത്സരങ്ങളാണ് ഡാനി കളിച്ചിട്ടുള്ളത്. ഇതിൽ നിന്ന് ഒരു ഗോളും 3 അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. ഇനി ബ്രസീലിയൻ ലീഗിലേക്ക് തന്നെ മടങ്ങാനാണ് ഡാനി ഉദ്ദേശിക്കുന്നത്.അത്ലറ്റിക്കോ പരാനെൻസിന് താരത്തിൽ താല്പര്യമുണ്ട്. അതേസമയം ഡാനിയുടെ സ്ഥാനത്തേക്ക് ചെൽസി സൂപ്പർതാരമായ സെസാർ ആസ്പ്പിലിക്യൂട്ടയെയാണ് ബാഴ്സ ലക്ഷ്യംവെക്കുന്നത്.