ഇംഗ്ലണ്ടിനെതിരെ ജർമ്മനി ഇറങ്ങിയത് വനിതകളുടെ ജേഴ്‌സിയണിഞ്ഞ്,കാരണം ഇതാ!

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പന്മാരായ ജർമ്മനിക്ക് സമനില വഴങ്ങേണ്ടി വന്നിരുന്നു.1-1 എന്ന സ്കോറിന് കരുത്തരായ ഇംഗ്ലണ്ടാണ് ജർമനിയെ സമനിലയിൽ തളച്ചത്. ജർമ്മനിക്ക് വേണ്ടി ഹോഫ്മാൻ ഗോൾ നേടിയപ്പോൾ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ സമനില ഗോൾ നേടിയത്.

ഈ മത്സരത്തിൽ ജർമ്മനി ധരിച്ചിരുന്നത് ജർമ്മൻ വനിതാ ടീമിന്റെ ജേഴ്സിയും കിറ്റുമായിരുന്നു. ഇതിന്റെ കാരണമിപ്പോൾ പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം പുറത്തുവിട്ടിട്ടുണ്ട്. അതായത് ഈ സമ്മറിൽ വനിതകളുടെ യൂറോകപ്പ് ഇംഗ്ലണ്ട് വെച്ച് നടക്കുന്നുണ്ട്. ഇതിനു മുന്നോടിയായി ജർമ്മനിയുടെ വനിതാ ടീമിന് പുരുഷടീം സപ്പോർട്ട് അറിയിക്കുകയായിരുന്നു. അതിന്റെ ഭാഗമായി കൊണ്ടാണ് വനിതകളുടെ കിറ്റും ജേഴ്സിയും ജർമ്മൻ ടീം ഇന്നലത്തെ മൽസരത്തിൽ അണിഞ്ഞത്.

ഇതിനുമുമ്പ് ജർമനിയുടെ വനിതാ ടീമും ഇത്തരത്തിലുള്ള സപ്പോർട്ട് പുരുഷ ടീമിന് അറിയിച്ചിരുന്നു. കഴിഞ്ഞ യൂറോ കപ്പിന്റെ സമയത്ത് ചിലിക്കെതിരെയുള്ള മത്സരത്തിൽ ജർമ്മനിയുടെ വനിതകൾ പുരുഷ ടീമിന്റെ കിറ്റും ജേഴ്സിയുമായിരുന്നു അണിഞ്ഞിരുന്നത്. ഈ വരുന്ന വനിത യൂറോ കപ്പിന്റെ ഗ്രൂപ്പ് ബിയിലാണ് ജർമ്മനി ഉൾപ്പെട്ടിരിക്കുന്നത്. ഡെൻമാർക്ക്, സ്പെയിൻ, ഫിൻലാൻഡ് എന്നിവരാണ് ഈ ഗ്രൂപ്പിൽ ഉള്ളത്.

എന്നാൽ യുവേഫ നേഷൻസ് ലീഗിൽ ജർമൻ പുരുഷ ടീമിനെ സംബന്ധിച്ചിടത്തോളം ഒരു ബുദ്ധിമുട്ടേറിയ സമയമാണിത്. കളിച്ച രണ്ടു മത്സരങ്ങളിലും ജർമ്മനി സമനില വഴങ്ങുകയായിരുന്നു. 2 പോയിന്റുള്ള ജർമനി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *