ക്രിസ്റ്റ്യാനോയെ കുറിച്ച് എല്ലാം പഠിച്ചു,പക്ഷെ അദ്ദേഹം നേടിയത് കരസ്ഥമാക്കൽ അസാധ്യം : ബെൻസിമ

ഈ സീസണിൽ മിന്നുന്ന പ്രകടനമാണ് റയലിന്റെ ഫ്രഞ്ച് സൂപ്പർ താരമായ കരിം ബെൻസിമ നടത്തിയിട്ടുള്ളത്. റയലിനൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടവും ലാലിഗ കിരീടവും നേടാൻ ബെൻസിമക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുന്ന ബാലൺ ഡി’ഓർ പുരസ്കാരത്തിന് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത് ബെൻസിമക്കാണ്.

ഏതായാലും തന്റെ മുൻ സഹതാരമായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ബെൻസിമ ചില കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്.അതായത് റൊണാൾഡോയെ താൻ വിശദമായി പഠിച്ച് മാതൃകയാക്കിയിരുന്നു എന്നാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്. എന്നാൽ റൊണാൾഡോ നേടിയത് പോലെയുള്ള നേട്ടങ്ങൾ കരസ്ഥമാക്കൽ അസാധ്യമാണെന്നും ബെൻസിമ കൂട്ടിച്ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ അദ്ദേഹത്തെ കണ്ടത് മുതൽ അദ്ദേഹത്തിന്റെ നീക്കങ്ങൾ ശ്രദ്ധിക്കാനാണ് ശ്രമിച്ചത്, അദ്ദേഹത്തിന്റെ ഡ്രിബ്ലിങ്ങുകൾ ശ്രദ്ധിച്ചു, ഫിനിഷിംഗും പാസിംഗും ശ്രദ്ധിച്ചു.അദ്ദേഹം ബോൾ നിയന്ത്രിക്കുന്ന രീതിയും ഞാൻ മനസ്സിലാക്കി. അദ്ദേഹത്തെ ഞാൻ വിശദമായി പഠിക്കുകയായിരുന്നു. പക്ഷേ അദ്ദേഹം ചെയ്തതും നേടിയതുമൊക്കെ കരസ്ഥമാക്കുക എന്നുള്ളത് അസാധ്യമായ ഒരു കാര്യമാണ്. എനിക്ക് ഇപ്പോഴും ഒരുപാട് പ്ലാനുകളുണ്ട്. കൂടുതൽ കിരീടങ്ങൾ എനിക്ക് നേടേണ്ടതുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും വേണം. നാഷണൽ ടീമിനൊപ്പം വേൾഡ് കപ്പ് കിരീടവും നേടണം. ഇതൊക്കെയാണ് എന്റെ സ്വപ്നങ്ങൾ ” ഇതാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.

ഫ്രാൻസിനൊപ്പം യുവേഫ നേഷൻസ് ലീഗ് കിരീടം നേടാൻ ബെൻസിമക്ക് സാധിച്ചിരുന്നു. പക്ഷേ കഴിഞ്ഞ തവണ ഫ്രാൻസ് വേൾഡ് കപ്പ് നേടിയപ്പോൾ ബെൻസിമക്ക് ടീമിൽ ഇടമുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *