ഗോൾവേട്ടയിൽ ഒരു റെക്കോർഡ് കൂടി കൈപ്പിടിയിലൊതുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇന്നലെ സിരി എയിൽ നടന്ന ഇരുപത്തിയേഴാം റൗണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുവന്റസ് ബോലോഗ്‌നയെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിലെ ആദ്യഗോൾ പെനാൽറ്റിയിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു നേടിയിരുന്നത്. ഈ ഗോൾ നേട്ടത്തോടെ താരം ഈ സീസണിലെ സിരി എയിൽ 22 ഗോളുകൾ പൂർത്തിയാക്കി. സിരി എ യിലെ തന്റെ അരങ്ങേറ്റസീസണിൽ നേടിയ 21 ഗോളുകളുൾപ്പടെ ലീഗിൽ ആകെ താരം നേടിയ ഗോളുകളുടെ എണ്ണം 43 ആയി മാറുകയായിരുന്നു. ഇതോടെ മറ്റൊരു നേട്ടം കൂടി താരം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. സിരി എയിൽ ഏറ്റവും കൂടുതൽ ഗോൾ സ്കോർ ചെയ്യുന്ന പോർച്ചുഗീസ് താരമെന്ന റെക്കോർഡാണ് കേവലം രണ്ട് സീസൺ കൊണ്ട് താരം നേടിയെടുത്തത്. മുൻ ഫിയോറെന്റീന, മിലാൻ താരമായിരുന്ന റൂയി കോസ്റ്റയുടെ റെക്കോർഡ് ആണ് താരം പഴങ്കഥയാക്കിയത്.

1994 മുതൽ 2006 വരെ സിരി എയിൽ കളിച്ച താരം ആകെ 42 ഗോളുകളാണ് നേടിയിരുന്നത്. ഈ റെക്കോർഡാണ് ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കിയത്. ഇതോടെ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിലെ മൂന്നു ലീഗുകളിലെയും പോർച്ചുഗീസ് ടോപ് സ്കോറെർ ആയി മാറാൻ ക്രിസ്റ്റ്യാനോക്ക് കഴിഞ്ഞു. യുണൈറ്റഡിന് വേണ്ടി കളിച്ച സമയത്ത് താരം 196 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 86 ഗോളുകൾ താരം നേടിയിരുന്നു. പ്രീമിയർ ലീഗിൽ ഒരു പോർച്ചുഗീസ് താരം നേടുന്ന ഏറ്റവും കൂടുതൽ ഗോളുകൾ ആണിത്. തുടർന്ന് റയലിലേക്ക് ചേക്കേറിയ താരം ലാലിഗയിലെയും പോർച്ചുഗീസ് ടോപ് സ്കോറെർ ആയി. 292 ലാലിഗ മത്സരങ്ങൾ കളിച്ച താരം 311 ഗോളുകളാണ് അടിച്ചു കൂട്ടിയത്. ലീഗിലെ രണ്ടാമത്തെ ഓൾ ടൈം ടോപ് സ്കോറെർ കൂടിയാണ് താരം. മെസ്സി മാത്രമാണ് താരത്തിന് മുന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *