മെസ്സിക്ക് അതൃപ്തി,മേലാൽ തന്റെ മകനെ കുറിച്ച് സംസാരിക്കരുതെന്ന് ലാപോർട്ടയോട് മെസ്സിയുടെ പിതാവ്!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിക്ക് ബാഴ്സ വിടേണ്ടി വന്നത്. അന്ന് തന്നെ ബാഴ്സയുടെ പ്രസിഡണന്റായ ജോയൻ ലാപോർട്ടയുമായി മെസ്സിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.മെസ്സിയോട് ഫ്രീയായി കൊണ്ട് തുടരാൻ ആവശ്യപ്പെട്ടിരുന്നു എന്നായിരുന്നു ലാപോർട്ട പറഞ്ഞിരുന്നത്. എന്നാൽ തന്നോട് ആരും ഇങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്ന് മെസ്സി പരസ്യമായി പറയുകയും ചെയ്തിരുന്നു.

മാത്രമല്ല മെസ്സി ബാഴ്സ വിട്ടിട്ടും പ്രസിഡന്റായ ലാപോർട്ട നിരന്തരം അദ്ദേഹത്തെ കുറിച്ചാണ് സംസാരിക്കുന്നത്. മെസ്സി ബാഴ്സ വിട്ടതിനെക്കുറിച്ചും അദ്ദേഹത്തെ പിഎസ്ജി സൈൻ ചെയ്തതിനെ കുറിച്ചും മെസ്സിക്ക് പിഎസ്ജി നൽകുന്ന സാലറിയെ കുറിച്ചുമൊക്കെ ലാപോർട്ട നിരന്തരം സംസാരിച്ചിരുന്നു.പണം നൽകി കൊണ്ട് താരങ്ങളെ പിഎസ്ജി അടിമയാക്കുന്നു എന്നായിരുന്നു നെയ്മറെയും മെസ്സിയെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഈയിടെ ലാപോർട്ട പറഞ്ഞത്.

എന്നാൽ ലാപോർട്ട നിരന്തരം തന്നെക്കുറിച്ച് സംസാരിക്കുന്നതിൽ സൂപ്പർ താരം ലയണൽ മെസ്സിക്ക് കടുത്ത അതൃപ്തിയുണ്ട്.ലാപോർട്ടയുടെ പല പ്രസ്താവനകളും മെസ്സിക്ക് അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അത് മാത്രമല്ല, ലയണൽ മെസ്സിയുടെ പിതാവും ഏജന്റുമായി ജോർഗെ മെസ്സി കഴിഞ്ഞ ദിവസം ലാപോർട്ടയെ ഫോണിൽ വിളിച്ചിട്ടുണ്ട്. ഇനി മുതൽ തന്റെ മകനെ കുറിച്ച് സംസാരിക്കരുതെന്ന മുന്നറിയിപ്പും ലാപോർട്ടക്ക് നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.എൽ ലാർഗെറോയെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ഡിപ്പോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മെസ്സി ബാഴ്സ വിട്ടെങ്കിലും ക്ലബ്ബിൽ അദ്ദേഹം ഇപ്പോഴും വലിയ ചർച്ചാവിഷയമാണ്. അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകൾ ബാഴ്സയുടെ പരിശീലകനായ സാവിയും ഒട്ടേറെ തവണ നടത്തിയിരുന്നു.ഏതായാലും അടുത്ത സീസണിലും മെസ്സി പിഎസ്ജിയിൽ തന്നെ ഉണ്ടാവുമെന്നുള്ളത് ഉറപ്പായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *