സുവർണ്ണനേട്ടത്തിനരികെ മെസ്സി, ആരാധകർക്ക് ജന്മദിനസമ്മാനം ലഭിക്കുമോ?
1987 ജൂൺ ഇരുപത്തിനാലിനായിരുന്നു സാക്ഷാൽ ലയണൽ മെസ്സി ഈ ഭൂമിയിലേക്ക് പിറന്നു വീണത്. ആ ജൈത്രയാത്ര തുടങ്ങിയിട്ട് നാളേക്ക് മുപ്പത്തിമൂന്ന് വർഷങ്ങൾ തികയുകയാണ്. താരത്തിന്റെ ആരാധകർ കാത്തിരുന്ന ആ ജന്മദിനം നാളെയാണ്. ഇതിനോടൊപ്പം തന്നെ ആരാധർക്ക് ഏറെ ആവേശം നൽകുന്ന മറ്റൊരു കാര്യം, മെസ്സി തന്റെ ജന്മദിനത്തിൽ കളത്തിലിറങ്ങുന്നു എന്നാണ്. ഇന്ത്യൻ സമയം ഇന്ന് രാത്രി ഒന്നരക്ക് അത്ലറ്റികോ ബിൽബാവോക്കെതിരായ മത്സരത്തിൽ മെസ്സി ബൂട്ടണിഞ്ഞേക്കും. താരത്തിന്റെ ജന്മദിനത്തിന്റെ അതേ ദിവസം തന്നെ താരത്തിന്റെ മാന്ത്രികപ്രകടനം കാണാനുള്ള തിടുക്കത്തിലാണ് ഒരുപിടി ആരാധകർ. എന്നാൽ ഇതിനോടൊപ്പം തന്നെ ഇരട്ടി മധുരം സമ്മാനിക്കാനുള്ള ഒരു സുവർണ്ണാവസരമാണ് മെസ്സിക്ക് കൈവന്നിരിക്കുന്നത്.
തന്റെ ഫുട്ബോൾ കരിയറിലാകെ 699 ഗോളുകൾ നേടി എന്ന നേട്ടത്തിലാണ് മെസ്സിയിപ്പോൾ നിലകൊള്ളുന്നത്. ഒരു ഗോൾ കൂടി നേടിക്കഴിഞ്ഞാൽ 700 ഗോളുകൾ എന്ന മാന്ത്രികസംഖ്യയിൽ മെസ്സിക്ക് എത്തിപ്പിടിക്കാനാവും.കഴിഞ്ഞ സെവിയ്യക്കെതിരായ മത്സരത്തിൽ താരത്തിന് അവസരം ഉണ്ടായിരുന്നുവെങ്കിലും ഗോൾ നേടാൻ സാധിച്ചിരുന്നില്ല. ആ ക്ഷീണം ഇന്നത്തോടെ തീർക്കാനുള്ള അവസരമാണ് മെസ്സിക്ക് ലഭിച്ചിരിക്കുന്നത്. അത്ലറ്റികോ ബിൽബാവോക്കെതിരെ ക്യാമ്പ് നൗവിൽ ഒരു ഗോൾ മാത്രം നേടിയാൽ തന്റെ പ്രിയപ്പെട്ട ആരാധർക്ക് 700 ഗോളുകൾ എന്ന ചരിത്രനേട്ടം ജന്മദിന സമ്മാനമായി മെസ്സിക്ക് നൽകാനാവും. ഇത് വരെ ബാഴ്സക്ക് വേണ്ടി 629 ഗോളുകളാണ് മെസ്സി അടിച്ചു കൂട്ടിയിട്ടുള്ളത്. 70 ഗോളുകൾ അടിച്ചു കൂട്ടി അർജന്റീനയുടെ ടോപ് സ്കോറെർ ആണ് താരം. ഇങ്ങനെ 699 ഗോളുകൾ പൂർത്തിയാക്കിയ മെസ്സി എഴുന്നൂറിൽ തന്റെ ജന്മദിനത്തിന്റെ അന്ന് തന്നെ മുത്തമിടും എന്ന പ്രതീക്ഷയിലാണ് ആരാധകർ.
🔥 MATCH DAY! 🔥
— FC Barcelona (@FCBarcelona) June 23, 2020
🤝 #BarçaAthletic
🏟 Camp Nou
🏆 @LaLigaEN
⏰ 10pm CEST
📲 #Culer / #Culers pic.twitter.com/H7Xu9m4bR0