എംബപ്പേയുടെ പിഎസ്ജിയിലെ തുടരൽ,ആദ്യപ്രതികരണവുമായി ബെൻസിമ!
പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പെ ക്ലബ്ബിൽ തന്നെ തുടരാൻ തീരുമാനിച്ചത് ഫുട്ബോൾ ലോകത്ത് വലിയ കോലാഹലങ്ങൾക്ക് കാരണമായിരുന്നു.2025 വരെയുള്ള പുതിയ കരാറിലാണ് എംബപ്പെ ഒപ്പ് വെച്ചിരിക്കുന്നത്.താരത്തെ ടീമിൽ എത്തിക്കാൻ കഴിയുമെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്ന റയലിന് കനത്ത തിരിച്ചടിയായിരുന്നു എംബപ്പേയുടെ ഈ തീരുമാനം ഏൽപ്പിച്ചത്.
എംബപ്പേയുടെ സുഹൃത്തും സഹതാരവുമായ കരിം ബെൻസിമയും ഇക്കാര്യത്തിൽ വലിയ പ്രതീക്ഷയിലായിരുന്നു.എംബപ്പേ റയലിലേക്ക് എത്തുന്നതിനെ താൻ ഇഷ്ടപ്പെടുന്നു എന്നുള്ളത് നേരത്തെ തന്നെ ഒട്ടേറെ തവണ ബെൻസിമ പറഞ്ഞിട്ടുണ്ടായിരുന്നു.എന്നാൽ എംബപ്പേ പിഎസ്ജിയിൽ തുടരാൻ തീരുമാനിച്ചതിലുള്ള തന്റെ ആദ്യ പ്രതികരണം ഇപ്പോൾ ബെൻസിമ നടത്തിയിട്ടുണ്ട്.എംബപ്പേയോട് ദേഷ്യമില്ല എന്നാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം കനാൽ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ബെൻസിമയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) May 25, 2022
” അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇതൊരു നീണ്ട വർഷമായിരുന്നു. തീരുമാനം കൈക്കൊള്ളേണ്ടത് അദ്ദേഹം തന്നെയായിരുന്നു.അത് അദ്ദേഹത്തിന്റെ ചോയിസാണ്. ഞാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഞാൻ മുമ്പ് പറഞ്ഞത് പോലെ തന്നെ അദ്ദേഹം റയൽ മാഡ്രിഡിൽ എത്തുന്നതിനെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു. ഞാൻ കൂടുതൽ സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ല. എനിക്ക് ഇക്കാര്യത്തിൽ ദേഷ്യവുമില്ല. നിലവിൽ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിലാണ് ഞാൻ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. മറ്റൊന്നിനെക്കുറിച്ചും കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഇത്തരം ചെറിയ കാര്യങ്ങൾ സംസാരിക്കാനുള്ള സമയമല്ലിത് ” ഇതാണ് ബെൻസിമ പറഞ്ഞിട്ടുള്ളത്.
ഫ്രഞ്ച് ദേശീയ ടീമിൽ ഒരുമിച്ച് കളിക്കുന്ന താരങ്ങളാണ് ബെൻസിമയും എംബപ്പേയും. കഴിഞ്ഞ യുവേഫ നാഷൻസ് ലീഗ് കിരീടം ഫ്രാൻസിന് നേടിക്കൊടുക്കുന്നതിൽ ഇരുവരും വലിയ പങ്കുവഹിച്ചിട്ടുണ്ട്.