ഫുട്ബോളിൽ നിന്നും വിരമിക്കുമോ? സ്ലാട്ടൻ പറയുന്നു!

ഇന്നലെ സിരി എയിൽ നടന്ന അവസാന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എസി മിലാൻ സാസുവോളോയെ പരാജയപ്പെടുത്തിയത്. ഇതോടുകൂടി ഈ സീസണിലെ സിരി എ കിരീടം ചൂടാൻ എസി മിലാന് കഴിഞ്ഞിരുന്നു. 11 വർഷങ്ങൾക്കു ശേഷം ഇതാദ്യമായാണ് മിലാൻ സിരി എ കിരീടം നേടുന്നത്.

ഏതായാലും മിലാന്റെ സൂപ്പർതാരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ ക്ലബുമായുള്ള കരാർ ഈ സീസണോടു കൂടിയാണ് അവസാനിക്കുക. ഈ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. മാത്രമല്ല തന്റെ ഭാവിയെക്കുറിച്ചുള്ള യാതൊരുവിധ തീരുമാനങ്ങളും ഇതുവരെ സ്ലാട്ടൻ കൈക്കൊണ്ടിട്ടില്ല.ഏതായാലും ഭാവിയെ കുറിച്ച് ഉടൻതന്നെ തീരുമാനമെടുക്കുമെന്നാണ് സ്ലാട്ടൻ ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളാണ് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ശാരീരികമായി മികച്ച് നിൽക്കുന്ന കാലത്തോളം ഞാൻ എന്റെ കളി തുടരുക തന്നെ ചെയ്യും. എന്റെ തീരുമാനം ഉടൻ തന്നെ ഞാൻ കൈക്കൊള്ളും. എനിക്ക് ഒരുപാട് ശാരീരിക പ്രശ്നങ്ങളുണ്ട്. പക്ഷേ ഉടൻ തന്നെ ഒരു തീരുമാനം ഉണ്ടാകും.ഈ സിരി എ കിരീടനേട്ടം ഞാൻ മിനോ റയോളക്ക് സമർപ്പിക്കുന്നു. അദ്ദേഹം എന്നോടൊപ്പം ഇല്ലാതെ ഞാൻ നേടുന്ന ആദ്യത്തെ കിരീടമാണിത് ” ഇതാണ് സ്ലാട്ടൻ പറഞ്ഞിട്ടുള്ളത്.

സ്ലാട്ടൻ മിലാനിൽ തന്നെ തുടരുമോ അതല്ലെങ്കിൽ ക്ലബ് വിടുമോ അതല്ലെങ്കിൽ ഫുട്ബോളിൽ നിന്ന് തന്നെ വിരമിക്കുമോ എന്നുള്ളത് അവ്യക്തമായ കാര്യമാണ്. അദ്ദേഹത്തിന്റെ ഏജന്റായ മിനോ റയോള ഈയിടെയായിരുന്നു ലോകത്തോട് വിട പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *