ക്രിസ്റ്റ്യാനോയെ തിരികെ കൊണ്ടുവരൂ,മുറവിളി കൂട്ടി റയൽ ആരാധകർ!

കഴിഞ്ഞ ദിവസമായിരുന്നു പിഎസ്ജി സൂപ്പർ താരമായ കിലിയൻ എംബപ്പേ പിഎസ്ജിയിൽ തുടരുമെന്ന് പ്രഖ്യാപിച്ചത്.2025 വരെയാണ് അദ്ദേഹം പിഎസ്ജിയിൽ തുടരുക.ഏറെകാലമായി റയൽ മാഡ്രിഡ് ലക്ഷ്യം വെച്ചിരുന്ന താരമായിരുന്നു കിലിയൻ എംബപ്പേ. അതുകൊണ്ടുതന്നെ താരത്തിന്റെ ഈ തീരുമാനം റയലിനും ആരാധകർക്കിടയിലും വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.

ഏതായാലും റയലിനെ സംബന്ധിച്ചിടത്തോളം അവർക്ക് പ്ലാൻ ബി ഇല്ല എന്നുള്ളത് വ്യക്തമായ ഒരു കാര്യമാണ്. അതായത് ഉടൻ തന്നെ ഒരു സൂപ്പർതാരം റയലിൽ എത്താൻ സാധ്യതയില്ല.എംബപ്പേക്ക് വേണ്ടിയുള്ള പരിശ്രമത്തിനിടയിൽ എർലിംഗ് ഹാലണ്ടിനെ റയലിന് നഷ്ടമാവുകയും ചെയ്തിരുന്നു.

അതുകൊണ്ടുതന്നെ റയൽ മാഡ്രിഡ് ആരാധകർ വലിയ നിരാശയിലാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ തിരികെ കൊണ്ടുവരണമെന്നാണ് ചില റയൽ മാഡ്രിഡ് ആരാധകർ ആവശ്യപ്പെടുന്നത്. ട്വിറ്ററിൽ ഇതുമായി ബന്ധപ്പെട്ട ഹാഷ്ടാഗ് ട്രെന്റിങ്ങാവുകയും ചെയ്തിരുന്നു.

എന്നാൽ 37 കാരനായ റൊണാൾഡോയെ റയൽ മാഡ്രിഡ് തിരികെ എത്തിക്കാനുള്ള സാധ്യതകൾ വളരെയധികം കുറവാണ്.താരത്തിന് നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഒരുവർഷത്തെ കരാർ അവശേഷിക്കുന്നുണ്ട്. മാത്രമല്ല റൊണാൾഡോയെ നിലനിർത്താൻ ആഗ്രഹമുണ്ട് എന്നുള്ള കാര്യം പുതിയ പരിശീലകനായ ടെൻ ഹാഗ് തുറന്ന് പറയുകയും ചെയ്തിരുന്നു.

2018-ലായിരുന്നു റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് യുവന്റസിലേക്ക് ചേക്കേറിയത്. പിന്നീട് മൂന്ന് വർഷക്കാലം അവിടെ ചിലവഴിച്ചതിനു ശേഷം യുണൈറ്റഡിലേക്ക് മടങ്ങുകയായിരുന്നു. റയലിന് വേണ്ടി 438 മത്സരങ്ങൾ കളിച്ച താരം 450 ഗോളുകളും 132 അസിസ്റ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. നാല് ചാമ്പ്യൻസ് ലീഗ് കിരീടവും രണ്ട് ലാലിഗ കിരീടവും അദ്ദേഹം റയലിനൊപ്പം നേടിയിട്ടുണ്ട്. കൂടാതെ നാല് ബാലൺ ഡി’ഓർ പുരസ്കാരങ്ങളും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *