വ്യത്യസ്ത ഓഫറുകളുമായി പിഎസ്ജിയും യുവന്റസും,പോഗ്ബ കൺഫ്യൂഷനിൽ!

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ പോൾ പോഗ്ബ ക്ലബ്ബിലെ അവസാന ദിവസങ്ങളാണ് ഇപ്പോൾ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. അടുത്ത മാസം അവസാനിക്കുന്ന താരത്തിന്റെ കരാർ പുതുക്കില്ല എന്നുള്ളത് നേരത്തെതന്നെ വ്യക്തമായ ഒരു കാര്യമാണ്. സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റായി കൊണ്ട് ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ് നിലവിൽ പോഗ്ബയുള്ളത്.

നിലവിൽ രണ്ടു ക്ലബ്ബുകളാണ് പ്രധാനമായും താരത്തിന് വേണ്ടി രംഗത്തുള്ളത്.ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയോടൊപ്പം താരത്തിന്റെ മുൻ ക്ലബ്ബായ യുവന്റസുമുണ്ട്.എന്നാൽ ഇതിൽ ഏത് ക്ലബ്ബിനെ തിരഞ്ഞെടുക്കണമെന്നുള്ള കാര്യത്തിൽ പോഗ്ബ നിലവിൽ കൺഫ്യൂഷനിലാണ്. ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് പ്രമുഖ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ്.

നിലവിൽ യുവന്റസിനേക്കാൾ കൂടുതൽ സാലറി വാഗ്ദാനം ചെയ്തിരിക്കുന്നത് പിഎസ്ജിയാണ്.എന്നാൽ താരത്തിന്റെ മുൻ ക്ലബ്ബായ യുവന്റസ് വാഗ്ദാനം ചെയ്തിരിക്കുന്നത് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാക്കാം എന്നാണ്.ഈ രണ്ട് ടീമുകളിൽ തിരഞ്ഞെടുക്കണമെന്നാണ് നിലവിൽ പോഗ്ബ ആലോചിച്ചു കൊണ്ടിരിക്കുന്നത്.

അതേസമയം യുണൈറ്റഡിന്റെ ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റി താരത്തിന് വേണ്ടി രംഗത്തുണ്ടായിരുന്നു.എന്നാൽ പോഗ്ബ സിറ്റിയെ നിരസിച്ചു കഴിഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്.ഏതായാലും പിഎസ്ജി,യുവന്റസ് എന്നീ ക്ലബ്ബുകളിൽ ഏതെങ്കിലുമൊരു ക്ലബ്ബിലേക്കായിരിക്കും പോഗ്ബ ചേക്കേറുക.

2016-ലായിരുന്നു പോഗ്ബ റെക്കോർഡ് തുകയ്ക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയെത്തിയത്.എന്നാൽ യുവന്റസിലെ ആ തകർപ്പൻ പ്രകടനം യുണൈറ്റഡിൽ പുറത്തെടുക്കാൻ പോഗ്ബക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

Leave a Reply

Your email address will not be published. Required fields are marked *