തുടർച്ചയായി 13 സീസണുകളിലും 30 ഗോളുകൾ, പ്രായം തളർത്താത്ത പോരാളിയായി ക്രിസ്റ്റ്യാനോ!

37-ആം വയസ്സിലും തന്റെ പ്രകടനത്തിന് യാതൊരുവിധ കോട്ടവും തട്ടിയിട്ടില്ല എന്നുള്ളത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടക്കിടെ ഫുട്ബോൾ ലോകത്തോട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെയെത്തിയ ക്രിസ്റ്റ്യാനോ തന്റെ പ്രകടന മികവ് പ്രീമിയർ ലീഗിൽ ഒരിക്കൽക്കൂടി പുറത്തെടുക്കുകയായിരുന്നു.

ഈ സീസണിലും ക്ലബ്ബിനും രാജ്യത്തിനുമായി ആകെ 30 ഗോളുകൾ പൂർത്തിയാക്കാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചിട്ടുണ്ട്. 24 ഗോളുകളാണ് ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി റൊണാൾഡോ നേടിയിട്ടുള്ളത്.പോർച്ചുഗല്ലിന് വേണ്ടി 6 ഗോളുകളും നേടാൻ ഈ സീസണിൽ താരത്തിന് സാധിച്ചിട്ടുണ്ട്. അതായത് തുടർച്ചയായി 13 സീസണുകളിലും ക്രിസ്റ്റ്യാനോ മുപ്പതിൽപരം ഗോളുകൾ നേടിക്കഴിഞ്ഞു. പ്രായം തന്നെ ഒരിക്കൽ പോലും തളർത്തിയിട്ടില്ല എന്ന് തന്നെയാണ് ക്രിസ്റ്റ്യാനോ തെളിയിച്ചു കൊണ്ടിരിക്കുന്നത്.

ഈ പ്രീമിയർലീഗിൽ 18 ഗോളുകളാണ് താരം നേടിയിട്ടുള്ളത്.ടോട്ടെൻഹാമിന്റെ സണ്ണും ലിവർപൂളിന്റെ സലായും മാത്രമാണ് ഇക്കാര്യത്തിൽ റൊണാൾഡോക്ക് മുന്നിലുള്ളത്.2008/09 സീസണിൽ പ്രീമിയർ ലീഗിൽ 18 ഗോളുകളായിരുന്നു റൊണാൾഡോ കരസ്ഥമാക്കിയിരുന്നത്.അന്ന് 24 വയസ്സുകാരനായ റൊണാൾഡോ 33 മത്സരങ്ങളിൽ നിന്നായിരുന്നു 18 ഗോളുകൾ നേടിയത്.എന്നാൽ 37-കാരനായ റൊണാൾഡോ ഇപ്പോൾ 18 ഗോളുകൾ നേടിയത് 29 മത്സരങ്ങളിൽ നിന്നാണ്.

അതായത് പ്രായം റൊണാൾഡോയെ ബാധിച്ചിട്ടില്ല എന്ന് മാത്രമല്ല തന്റെ ഗോളടി മികവ് ഉയർത്തുകയാണ് റൊണാൾഡോ ചെയ്തിട്ടുള്ളത്. മുൻ യുണൈറ്റഡ് താരങ്ങളായ ബെർബറ്റൊവ്,റിയോ ഫെർഡിനാന്റ്,റോയ് കീൻ എന്നിവരൊക്കെ റൊണാൾഡോയെ ഇക്കാര്യത്തിൽ പ്രശംസിച്ചിട്ടുണ്ട്. പക്ഷേ അടുത്ത സീസണിൽ അദ്ദേഹം യുണൈറ്റഡിൽ ഉണ്ടാവുമോ എന്നുള്ളത് ഇപ്പോഴും ചർച്ചചെയ്യപ്പെടുന്ന ഒരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *