ഈ ശൈലിയും വെച്ചാണ് മെസ്സി അത്ഭുതപ്പെടുത്തിയതും ബാഴ്സ 5 ചാമ്പ്യൻസ് ലീഗ് നേടിയതും: ഓർമ്മിപ്പിച്ച് സാവി

ലാലിഗയിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ എഫ്സി ബാഴ്സലോണ കളത്തിലേക്കിറങ്ങുന്നുണ്ട്.റയൽ ബെറ്റിസാണ് ബാഴ്സയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ബെറ്റിസിന്റെ മൈതാനത്ത് വെച്ചാണ് ഈ ഒരു മത്സരം അരങ്ങേറുക.

അവസാനമായി ക്യാമ്പ് നൗവിൽ കളിച്ച മൂന്ന് മത്സരങ്ങളിലും ബാഴ്സ പരാജയപ്പെടുകയായിരുന്നു. ഇതോടെ ഈ സീസണിൽ ബാഴ്സക്ക് കിരീടങ്ങൾ നേടാനാവില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞിരുന്നു. ഇതിനെ തുടർന്ന് വലിയ വിമർശനങ്ങളായിരുന്നു ബാഴ്സക്കും ബാഴ്സയുടെ ശൈലിക്കും ഏൽക്കേണ്ടിവന്നത്.

എന്നാൽ ബാഴ്സയുടെ പരിശീലകനായ സാവി ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഈ ശൈലിയും വെച്ചാണ് ബാഴ്സ 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ചൂടിയത് എന്നാണ് ഇദ്ദേഹം ഓർമിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ബാഴ്സയുടെ ചരിത്രത്തിൽ നിന്നുള്ള ഒരു സന്ദേശമാണ് നമുക്കുള്ളത്. ഈയൊരു ശൈലിയിൽ കളിച്ചത് കൊണ്ടാണ് ബാഴ്സക്ക് 5 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടാനായതും ലോക ഫുട്ബോളിന്റെ ശ്രദ്ധ പതിപ്പിക്കാൻ കഴിഞ്ഞതും. ലയണൽ മെസ്സിയും പെപ് ഗ്വാർഡിയോളയും ലോകത്തെ അത്ഭുതപ്പെടുത്തിയതും ബാഴ്സയെ ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബാക്കി മാറ്റിയതും ഇതേ ശൈലി വഴി തന്നെയാണ്. എങ്ങനെയാണ് ബാഴ്സ കളിച്ചതെന്നും വിജയങ്ങൾ നേടിയിതെന്നും അവർക്കറിയാം. ചരിത്രം അത് പറയുന്നുമുണ്ട്. ഇതു തന്നെയാണ് ഞങ്ങളുടെ വഴി എന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരുവിധ സംശയങ്ങളുമില്ല. ഓരോ താരങ്ങളും ബാഴ്സക്ക് വേണ്ടി പോരടിച്ചു കൊണ്ട് ആരാധകരെ അഭിമാനികളാക്കേണ്ടതുണ്ട് ” സാവി പറഞ്ഞു.

നിലവിൽ ബാഴ്സ ലാലിഗയിൽ രണ്ടാംസ്ഥാനത്താണ്. ഈ ലാലിഗയിൽ ആകെ 6 തോൽവികളാണ് ബാഴ്സ വഴങ്ങിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *