ഹാട്രിക്ക് നേട്ടം,ക്രിസ്റ്റ്യാനോ ബോണസിലൂടെ വാരിക്കൂട്ടിയത് വൻ തുക!
കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് നോർവിച്ചിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കാണ് യുണൈറ്റഡിന് വിജയം സമ്മാനിച്ചത്.എലാങ്ക,ടെല്ലസ് എന്നിവരായിരുന്നു ക്രിസ്റ്റ്യാനോയുടെ ആദ്യ രണ്ട് ഗോളുകൾക്ക് വഴിയൊരുക്കിയത്.എന്നാൽ താരത്തിന്റെ മൂന്നാം ഗോൾ ഒരു തകർപ്പൻ ഫ്രീകിക്കിൽ നിന്നായിരുന്നു പിറന്നിരുന്നത്.
ഏതായാലും ഈ ഹാട്രിക്കോട് കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു വലിയ തുക തന്നെ ബോണസിലൂടെ കരസ്ഥമാക്കിയിട്ടുണ്ട്. 8,50000 പൗണ്ട് റൊണാൾഡോ സ്വന്തമാക്കി എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഈ ഹാട്രിക്കോട് കൂടി യുണൈറ്റഡിന് വേണ്ടി ആകെ 21 ഗോളുകൾ പൂർത്തിയാക്കാൻ താരത്തിന് സാധിച്ചിരുന്നു.ഈ സീസണിൽ 20 ഗോളുകൾ നേടിയതിനാണ് യുണൈറ്റഡ് 7,50000 പൗണ്ട് താരത്തിന് നൽകുക.കൂടാതെ ഹാട്രിക്ക് കരസ്ഥമാക്കിയതിന് ഒരുലക്ഷം പൗണ്ടും നൽകപ്പെടും.
— Murshid Ramankulam (@Mohamme71783726) April 18, 2022
മാത്രമല്ല ഇനി ഈ സീസണിൽ ക്രിസ്റ്റ്യാനോ നേടുന്ന ഓരോ ഗോളിനും ഒരുലക്ഷം പൗണ്ട് വീതം നൽകപ്പെടുമെന്നാണ് അറിയാൻ കഴിയുന്നത്.ഇനി ആറ് മത്സരങ്ങൾ കൂടിയാണ് യുണൈറ്റഡിന് ഈ സീസണിൽ അവശേഷിക്കുന്നത്. ഇതിൽ നിന്നായി ഒൻപത് ഗോളുകൾ നേടി കൊണ്ട് 30 ഗോളുകളിലേക്ക് എത്തിയാൽ 2.75 മില്യൺ പൗണ്ട് സ്വന്തമാക്കാൻ താരത്തിന് സാധിക്കും. 30 ഗോളുകളിലേക്ക് എത്താൻ ക്രിസ്റ്റ്യാനോക്ക് കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത മത്സരം ചിരവൈരികളായ ലിവർപൂളിനെതിരെയാണ്. വരുന്ന ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 12:30 ന് ആൻഫീൽഡിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.