ബെൻസിമയാണ് ബാലൺ ഡി’ഓറിനർഹൻ,മുമ്പ് പറഞ്ഞപ്പോൾ പലരും എന്നെ വിമർശിച്ചു : റൊണാൾഡോ
നിലവിൽ മിന്നുന്ന ഫോമിലാണ് സൂപ്പർ താരം കരിം ബെൻസിമ റയലിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ റയലിനെ സെമിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ബെൻസിമ തന്നെയാണ്.ആകെ ചെൽസിക്കെതിരെ റയൽ നേടിയ അഞ്ചു ഗോളുകളിൽ നാലും ബെൻസിമയുടെ വകയായിരുന്നു.ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്കാരം ബെൻസിമ അർഹിക്കുന്നുവെന്നുള്ള അഭിപ്രായങ്ങൾ ഇപ്പോൾ തന്നെ ഉയർന്നുവരുന്നുണ്ട്.
ഏതായാലും ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ ഒരിക്കൽ കൂടി ബെൻസിമയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് ബാലൺ ഡി’ ഓർ പുരസ്കാരം ബെൻസിമയാണ് അർഹിക്കുന്നത് എന്നാണ് റൊണാൾഡോ പറഞ്ഞിട്ടുള്ളത്. മുമ്പ് ഇത് പറഞ്ഞപ്പോൾ പലരും തന്നെ വിമർശിച്ചുവെന്നും റൊണാൾഡോ കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സ്കൈ സ്പോട്ട് ഇറ്റാലിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 13, 2022
” ബാലൺ ഡി’ഓർ പുരസ്കാരം ബെൻസിമ അർഹിക്കുന്നുണ്ട്.ഞാൻ വർഷങ്ങളായി ഇക്കാര്യം പറയുന്നുണ്ട്. പക്ഷേ അന്ന് എല്ലാവരും എന്നെ വിമർശിച്ചു. അദ്ദേഹം അർഹിക്കുന്നുണ്ട്. അദ്ദേഹമൊരു മികച്ച ഫോർവേഡാണ് ” ഇതാണ് റൊണാൾഡോ നസാരിയോ പറഞ്ഞിട്ടുള്ളത്.
ഈ ലാലിഗയിൽ 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് ബെൻസിമയുടെ സമ്പാദ്യം. യുവേഫ ചാമ്പ്യൻസ് ലീഗിൽ 12 ഗോളുകളും ഒരു അസിസ്റ്റും ബെൻസിമ കരസ്ഥമാക്കിയിട്ടുണ്ട്.ബാലൺ ഡി’ഓർ പവർ റാങ്കിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങളിലൊരാളാണ് ബെൻസിമ.ഏതായാലും ഇത്തവണത്തെ ബാലൻ ഡിയോർ പോരാട്ടം കനക്കുമെന്നുള്ള കാര്യത്തിൽ സംശയമില്ല.