പിഎസ്ജി വിൽപ്പനക്കെന്ന് സ്പാനിഷ് മാധ്യമം,പ്രതികരിച്ച് ക്ലബ്!

കഴിഞ്ഞ ദിവസമായിരുന്നു പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കിറ്റോ ഒരു റിപ്പോർട്ട് പുറത്ത് വിട്ടത്. അതായത് പിഎസ്ജി വിൽപ്പനക്ക് എന്നായിരുന്നു ഇവരുടെ റിപ്പോർട്ട് പ്രതിപാദിച്ചിരിക്കുന്നത്.വരുന്ന വേൾഡ് കപ്പിന് ശേഷം ക്ലബ്ബിന്റെ ഖത്തർ ഉടമകൾ പിഎസ്ജിയെ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നായിരുന്നു ഇവരുടെ കണ്ടെത്തൽ.ഇത് ഫുട്ബോൾ ലോകം ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

എന്നാൽ ഇതിനെ പൂർണ്ണമായും തള്ളിക്കൊണ്ട് പിഎസ്ജി തന്നെ രംഗത്ത് വന്നിട്ടുണ്ട്. തികച്ചും വ്യാജമായ വാർത്തയാണ് തരം താഴ്ന്ന ഒരു സ്പാനിഷ് മാധ്യമം പുറത്തുവിട്ടിരിക്കുന്നത് എന്നാണ് പിഎസ്ജി അറിയിച്ചിരിക്കുന്നത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ RMC സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പിഎസ്ജി അറിയിച്ചതായി കൊണ്ട് RMC പുറത്തുവിട്ടിരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്.

” ഈ വ്യാജ വാർത്തയെ ഞങ്ങൾ പൂർണ്ണമായും നിഷേധിക്കുന്നു. ഇതൊരു തരംതാഴ്ന്ന സ്പാനിഷ് മാധ്യമത്തിൽ നിന്നാണ് വന്നത് എന്നുള്ളത് യാദൃശ്ചികമായ ഒരു കാര്യമല്ല ” ഇതാണ് പിഎസ്ജിയുടെ വാക്കുകളായി കൊണ്ട് RMC റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഈയിടെ ഫ്രഞ്ച് മാധ്യമങ്ങളും സ്പാനിഷ് മാധ്യമങ്ങളും മുഖാമുഖം വരുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്.പ്രത്യേകിച്ച് കിലിയൻ എംബപ്പെയുടെ ട്രാൻസ്ഫർ റൂമറുകളുടെ കാര്യത്തിൽ ഇരു മാധ്യമങ്ങളും രണ്ട് ചേരിയിലാണ്.എംബപ്പെ റയലിലേക്ക് എത്തുമെന്നാണ് സ്പാനിഷ് മാധ്യമങ്ങളുടെ വാദമെങ്കിൽ പിഎസ്ജിയിൽ തന്നെ തുടരുമെന്നാണ് ഫ്രഞ്ച് മാധ്യമങ്ങളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *