പണമുണ്ടായത് കൊണ്ട് മാത്രം കാര്യമില്ല : പിഎസ്ജിയെയും ആരാധകരെയും വിമർശിച്ച് തിയാഗോ സിൽവ!
ദീർഘകാലം പിഎസ്ജിയുടെ പ്രതിരോധ നിരയിലെ നിർണായക സാന്നിധ്യമായി നില കൊണ്ട താരമായിരുന്നു തിയാഗോ സിൽവ. എന്നാൽ 2020-ൽ അദ്ദേഹത്തിന് ക്ലബ് വിടേണ്ടി വരികയായിരുന്നു.പിന്നീട് ചെൽസിയിലേക്ക് ചേക്കേറിയ സിൽവ അവർക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കുകയും ചെയ്തു.
ഏതായാലും തന്റെ മുൻ ക്ലബ്ബായ പിഎസ്ജിയെ കുറിച്ച് ചില കാര്യങ്ങളിപ്പോൾ സിൽവ പങ്കുവെച്ചിട്ടുണ്ട്.പിഎസ്ജി ചാംപ്യൻസ് ലീഗിൽ നിന്നും പുറത്തായത് തന്നെ ഞെട്ടിപ്പിച്ചു എന്നാണ് സിൽവ പറഞ്ഞത്. പണം കൊണ്ട് മാത്രം ഫുട്ബോളിൽ വിജയിക്കാനാവില്ലെന്നും സിൽവ കൂട്ടിച്ചേർത്തു.കൂടാതെ പിഎസ്ജി താരങ്ങളെ കൂവി വിളിച്ച ആരാധകരെയും സിൽവ വിമർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 6, 2022
” പിഎസ്ജിയുടെ പുറത്താവൽ ഞെട്ടിപ്പിക്കുന്നതായിരുന്നു.പിഎസ്ജി ആരാധകരെ സംബന്ധിച്ചിടത്തോളം അത് സങ്കൽപ്പിക്കാവുന്നതിലുമപ്പുറമായിരുന്നു.എല്ലാ വർഷവും ഇതേ കാര്യം തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.ഭാവിയിൽ പുരോഗതി ഉണ്ടാവാൻ വേണ്ടി ശരിയാക്കേണ്ട ഒരുപാട് കാര്യങ്ങൾ അവിടെയുണ്ട്. പിഎസ്ജിക്ക് ഒരുപാട് പണം ഉണ്ടെന്നു കരുതി ഫുട്ബോളിൽ എപ്പോഴും വിജയിക്കാൻ കഴിയണമെന്നില്ല. സ്വന്തം മൈതാനത്ത് വിമർശനങ്ങൾ ഏറ്റു കൊണ്ടും കൂവി വിളികൾ ഏറ്റു കൊണ്ടും കളിക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്.താരങ്ങൾക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം ആരാധകർ ഒരുക്കിക്കൊടുക്കണം.നെഗറ്റീവായാലും പോസിറ്റീവായാലും ആരാധകരാണ് വ്യത്യാസങ്ങൾ സൃഷ്ടിക്കുക ” ഇതാണ് സിൽവ പറഞ്ഞിട്ടുള്ളത്.
സിൽവയുടെ വിടവ് നികത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു പിഎസ്ജി സൂപ്പർ താരം സെർജിയോ റാമോസിനെ സൈൻ ചെയ്തത്. എന്നാൽ താരത്തിന്റെ പരിക്ക് മൂലം അത് ഫലം കാണാതെ പോവുകയായിരുന്നു.