ക്രിസ്റ്റ്യാനോയെ ഓരോ ആഴ്ച്ചയിലും പോർച്ചുഗല്ലിലേക്ക് അയക്കേണ്ടി വരുമെന്ന് തോന്നുന്നു : റാൾഫ്

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കാണ് ഇത്തരത്തിലുള്ള ഒരു വിജയം മാഞ്ചസ്റ്റർ യുണൈറ്റഡ് സമ്മാനിച്ചത്.ഓരോ തവണയും ലീഡ് നേടി കൊടുത്തുകൊണ്ട് ക്രിസ്റ്റ്യാനോ യുണൈറ്റഡിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

കഴിഞ്ഞ മാഞ്ചസ്റ്റർ ഡെർബി മത്സരത്തിൽ പരിക്കിന്റെ ചെറിയ പ്രശ്നങ്ങൾ ഉണ്ടായതുകൊണ്ട് ക്രിസ്റ്റ്യാനോ സ്ക്വാഡിൽ പോലുമുണ്ടായിരുന്നില്ല. അതിനുശേഷം താരം തന്റെ ജന്മദേശമായ പോർച്ചുഗല്ലിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.പിന്നീട് യുണൈറ്റഡിൽ മടങ്ങിയെത്തിയതിനു ശേഷമാണ് ഈ മിന്നും പ്രകടനം താരം പുറത്തെടുത്തത്. ഇപ്പോഴിതാ തമാശരൂപേണ ഈ വിഷയത്തിൽ യുണൈറ്റഡിന്റെ പരിശീലകനായ റാൾഫ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ഓരോ ആഴ്ച്ചയിലും താരത്തെ പോർച്ചുഗല്ലിലേക്ക് അയക്കേണ്ടി വരുമെന്നാണ് തോന്നുന്നത് എന്നാണ് റാൾഫ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ശാരീരികമായി താൻ എന്തിനും തയ്യാറാണ് എന്നുള്ളതാണ് ഇന്ന് റൊണാൾഡോ തെളിയിച്ചു കഴിഞ്ഞത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി അദ്ദേഹം പഴയ പോലെ ആയിരുന്നില്ല. പക്ഷേ ഏതു ലെവലിലും ഉള്ള പ്രകടനം പുറത്തെടുക്കാൻ തനിക്ക് ഇപ്പോഴും കഴിയുമെന്നുള്ളത് താരം ഇന്ന് ഒരിക്കൽ കൂടി കാണിച്ചു തന്നു. ഈ മികവാണ് ബാക്കിയുള്ള സീസണിലും ഞങ്ങൾക്ക് ആവശ്യം. ഇനി പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും ഞങ്ങൾക്ക് മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഓരോ ആഴ്ചയിലും പോർച്ചുഗല്ലിലേക്ക് അയക്കുന്നതാണ് നല്ലത് എന്നെനിക്ക് തോന്നുന്നു. രണ്ട് ദിവസം അദ്ദേഹം പരിശീലനത്തിന് ഉണ്ടായിരുന്നില്ല. വ്യാഴാഴ്ചയാണ് അദ്ദേഹം തിരികെ എത്തിയത്. പക്ഷേ നല്ല പ്രകടനം നടത്തി. അതുകൊണ്ടാണ് അദ്ദേഹത്തെ കളിപ്പിച്ചത്. ഏതായാലും ബാക്കിയുള്ള സീസണിലും ഞങ്ങൾ ഇതുപോലെ ചെയ്യേണ്ടി വരുമെന്നു തോന്നുന്നു ” ഇതാണ് റാൾഫ് പറഞ്ഞത്.

ഇനി അത്‌ലറ്റികോ മാഡ്രിഡിനെതിരെയാണ് യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *