ക്രിസ്റ്റ്യാനോ ഇല്ലാതെ നേട്ടം കൊയ്ത് ബെൻസിമ,പിറകിലേക്ക് പോയി റൊണാൾഡോ!

2018-ലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടുകൊണ്ട് യുവന്റസിലേക്ക് ചേക്കേറിയത്. താരം ക്ലബ്ബ് വിട്ടത് തുടക്കത്തിൽ റയലിനെ വല്ലാതെ ബാധിച്ചിരുന്നു. എന്നാൽ പതിയെ പതിയെ റയൽ അതിൽ നിന്നും കരകയറി. മറ്റൊരു സൂപ്പർ താരം കരിം ബെൻസിമയുടെ ചിറകിലേറിയാണ് ഇപ്പോൾ റയൽ മാഡ്രിഡ് മുന്നോട്ടുപോകുന്നത്. ക്രിസ്റ്റ്യാനോ റയൽ വിട്ടത് ബെൻസിമക്ക് ഗുണകരമായി എന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടതിനുശേഷം 200 മത്സരങ്ങൾ ഇപ്പോൾ റയൽ പൂർത്തിയാക്കിയിട്ടുണ്ട്.അത്കൊണ്ട് തന്നെ ബെൻസിമയും ക്രിസ്റ്റ്യാനോയും തമ്മിലുള്ള ഒരു താരതമ്യം സ്പാനിഷ് മാധ്യമമായ മാർക്ക ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. നമുക്ക് അതൊന്നു പരിശോധിക്കാം.

ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസിമയും ആകെ റയലിൽ ഒരുമിച്ച് കളിച്ചത് 355 മത്സരങ്ങളാണ്.ഈ മത്സരങ്ങളിൽ നിന്ന് ആകെ 371 ഗോളുകളാണ് ക്രിസ്റ്റ്യാനോ അടിച്ചു കൂട്ടിയിട്ടുള്ളത്. അതേസമയം ബെൻസിമയാവട്ടെ 155 ഗോളുകൾ ഇത്രയും മത്സരങ്ങളിൽനിന്ന് സ്വന്തമാക്കി. പലപ്പോഴും ബെൻസിമയുടെ പ്രകടനങ്ങൾ ക്രിസ്റ്റ്യാനോ പ്രഭാവത്തിൽ മുങ്ങി പോവുകയായിരുന്നു.

എന്നാൽ റൊണാൾഡോ റയൽ വിട്ടതിനു ശേഷം ബെൻസിമ ആകെ 180 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 117 ഗോളുകൾ നേടാൻ ബെൻസിമക്ക് സാധിച്ചിട്ടുണ്ട്.അതേസമയം റയൽ വിട്ടതിനുശേഷം ക്രിസ്റ്റ്യാനോ 164 മത്സരങ്ങളാണ് ആകെ കളിച്ചത്.ഇതിൽ നിന്ന് 116 ഗോളുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. ബെൻസിമയുടെ പ്രകടനം മെച്ചപ്പെട്ടതായും റൊണാൾഡോയുടെ പ്രകടനം ഒരല്പം താഴ്ന്നതായും ഇതിൽ നിന്ന് കാണാൻ സാധിക്കും.

ഇതിനുള്ള ഒരു തെളിവാണ് ഗോൾ ശരാശരി.അതായത് ക്രിസ്റ്റ്യാനോക്കൊപ്പം കളിച്ചിരുന്ന സമയത്ത് ബെൻസിമയുടെ ഗോൾ ശരാശരി എന്നുള്ളത് 90 മിനിറ്റിന് 0.64 ഗോളുകൾ എന്ന തോതിൽ ആയിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ പോയതിനുശേഷം അത് 90 മിനിറ്റിന് 0.71 ഗോളുകൾ ആയി ഉയർന്നു.

അതേസമയം ക്രിസ്റ്റ്യാനോയുടെത് നേരെ തിരിച്ചാണ്.ബെൻസിമക്ക് ഒപ്പം കളിച്ചിരുന്ന സമയത്ത് 90 മിനുട്ടിൽ 1.09 എന്ന തോതിൽ ക്രിസ്റ്റ്യാനോ ഗോളുകൾ നേടുമായിരുന്നു.എന്നാൽ റയൽ വിട്ടതിനുശേഷം 90 മിനുട്ടിൽ 0.75 ഗോളുകൾ എന്ന തോതിൽ കുറയുകയും ചെയ്തിട്ടുണ്ട്.

ഏതായാലും കഴിഞ്ഞ പിഎസ്ജിക്കെതിരെയുള്ള മത്സരത്തിലെ മാസ്മരിക പ്രകടനത്തോടെ കൂടി വലിയ രൂപത്തിലുള്ള പ്രശംസകളാണ് ഇപ്പോൾ ബെൻസിമക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *