7-1 ന്റെ ഈ വിജയം ഒരു അറിയിപ്പാണ് : ന്യൂയർ

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ തകർപ്പൻ വിജയമായിരുന്നു വമ്പന്മാരായ ബയേൺ നേടിയത്. ഒന്നിനെതിരെ 7 ഗോളുകൾക്കാണ് ബയേൺ ആർബി സാൽസ്ബർഗിനെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലെവന്റോസ്ക്കിയുടെ വേഗതയേറിയ ഹാട്രിക്കാണ് ഇത്തരത്തിലുള്ള ഒരു വിജയം ബയേണിന് സമ്മാനിച്ചത്.മുള്ളർ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഗ്നാബ്രി,സാനെ എന്നിവർ ഓരോ ഗോളുകൾ വീതം നേടി. ഇരുപാദങ്ങളിലുമായി 8-2 ന്റെ വിജയം നേടി കൊണ്ടാണ് ബയേൺ ക്വാർട്ടറിൽ പ്രവേശിച്ചത്.

ഏതായാലും ഈ മത്സരത്തെക്കുറിച്ച് ചില കാര്യങ്ങൾ ബയേൺ ഗോൾകീപ്പറായ മാനുവൽ ന്യൂയർ പങ്കുവെച്ചിട്ടുണ്ട്. അതായത് ഈ വിജയം ഒരു അറിയിപ്പാണ് എന്നാണ് ന്യൂയർ പറഞ്ഞത്. മത്സരത്തിൽ എല്ലാ മേഖലകളിലും തങ്ങൾ മികച്ചു നിന്നെന്നും താരം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ വിജയം ഒരു അറിയിപ്പാണ്. ഞങ്ങൾ നല്ല രൂപത്തിലാണ് മത്സരം ആരംഭിച്ചത്. അതിന്റെ ഫലമായി പെനാൽറ്റികൾ ലഭിച്ചു.അവിടെ നിന്നാണ് ആരംഭവും. ഈയൊരു പ്രകടനത്തിൽ ഞങ്ങൾ വളരെയധികം സന്തുഷ്ടരാണ്.ഞങ്ങളുടെ വ്യത്യസ്തമായ ഒരു വശം കൂടിയാണ് ഇന്ന് കാണാനായത്.ബ്രേക്കിന് മുന്നേ ഞങ്ങൾ അവസരങ്ങളൊന്നും വഴങ്ങിയിരുന്നില്ല. ഡിഫൻസിലും ഇന്ന് സ്ഥിരതയാർന്ന പ്രകടനം നടത്തി. ഇതേ രൂപത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ട് പോവാൻ കഴിയുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ ” ഇതാണ് ന്യൂയർ പറഞ്ഞിരിക്കുന്നത്.

ആദ്യപാദത്തിൽ ബയേണിനെ സമനിലയിൽ തളച്ച സാൽസ്ബർഗിന് രണ്ടാംപാദത്തിൽ പാടെ അടി തെറ്റുകയായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ ഏഴു ഗോളുകൾ ബയേൺ നേടുന്നത് ഇത് ഏഴാം തവണയാണ്.

Leave a Reply

Your email address will not be published. Required fields are marked *