CR7 നെ കുറ്റപ്പെടുത്തുന്നത് നിർത്തൂ,സഹതാരങ്ങൾക്കാണ് പ്രശ്‌നം : യുണൈറ്റഡ് ഇതിഹാസം

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഈ വർഷം താരം കളിച്ച പത്ത് മത്സരങ്ങളിൽ നിന്ന് കേവലം ഒരു ഗോൾ മാത്രമാണ് നേടിയിട്ടുള്ളത്.ഗോളടിക്കാൻ ബുദ്ധിമുട്ടുന്ന ക്രിസ്റ്റ്യാനോയെയാണ് നമുക്കിപ്പോൾ കാണാനാവുക. അത്കൊണ്ട് തന്നെ മാഞ്ചസ്റ്റർ ഡെർബിയുടെ ആദ്യ ഇലവനിൽ അദ്ദേഹത്തിന് റാൾഫ് സ്ഥാനം നൽകുമോ എന്നുള്ളത് പോലും സംശയത്തിന്റെ മുൾമുനയിലാണ്.

നിലവിൽ നിരവധി വിമർശനങ്ങളാണ് ക്രിസ്റ്റ്യാനോക്ക് കേൾക്കേണ്ടിവരുന്നത്. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി കൊണ്ട് യുണൈറ്റഡിന്റെ മുൻ ഇതിഹാസ ഗോൾകീപ്പറായിരുന്ന പീറ്റർ ഷ്‌മൈക്കൽ രംഗത്തുവന്നിട്ടുണ്ട്. അതായത് ക്രിസ്റ്റ്യാനോയെ കുറ്റപ്പെടുത്തുന്നത് നിർത്തൂ എന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. സഹതാരങ്ങൾ മികവിലേക്ക് ഉയരാത്തതാണ് പ്രശ്നമെന്നും ഇദ്ദേഹം കണ്ടെത്തിയിട്ടുണ്ട്.ഷ്‌മൈക്കലിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ക്രിസ്റ്റ്യാനോയും ഒരു മനുഷ്യനാണ് എന്നുള്ള ഒരു നിമിഷമാണ് നമ്മളിപ്പോൾ കാണുന്നത്.അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നായി എനിക്ക് അനുഭവപ്പെടുന്നു.അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. നിങ്ങൾ മത്സരം വീക്ഷിക്കുകയാണെങ്കിൽ, അദ്ദേഹം എത്രത്തോളം എല്ലാവരെയും സഹായിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കാണാൻ സാധിക്കും. പക്ഷേ അദ്ദേഹം ഒരു സ്ട്രൈക്കറാണ്.സ്ട്രൈക്കറുടെ പൊസിഷനിലാണ് അദ്ദേഹം ഉണ്ടാവേണ്ടത്. അദ്ദേഹത്തിന് മികച്ച അവസരങ്ങൾ ഒരുക്കി നൽകേണ്ടതും ക്രോസുകൾ നൽകേണ്ടതുമൊക്കെ സഹതാരങ്ങളുടെ ജോലിയാണ്. ചില സമയങ്ങളിൽ അദ്ദേഹം മത്സരത്തിൽ ഉണ്ടാവുന്നേയില്ല. അതിന് പരിഹാരം കാണേണ്ടത് ടീമും സഹതാരങ്ങളുമാണ് ” ഷ്‌മൈക്കൽ പറഞ്ഞു.

നിലവിൽ മോശം ഫോമിലാണെങ്കിലും ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.15 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *