ബാലൺ ഡി ‘ഓർ റിസൾട്ട് ഞെട്ടിപ്പിച്ചു,ഒരാളും ഏഴാമത് പ്രതീക്ഷിച്ചിരുന്നില്ല : സലാ
കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്കാരം സ്വന്തമാക്കിയത് സൂപ്പർ താരം ലയണൽ മെസ്സിയായിരുന്നു. ഏഴാം തവണയായിരുന്നു മെസ്സി ഈ നേട്ടത്തിന് അർഹനായത്. എന്നാൽ മറ്റൊരു സൂപ്പർതാരമായ മുഹമ്മദ് സലാക്ക് ഏഴാം സ്ഥാനത്ത് മാത്രമായിരുന്നു ഫിനിഷ് ചെയ്യാൻ സാധിച്ചിരുന്നത്. മാത്രമല്ല കഴിഞ്ഞ വർഷത്തെ ഫിഫയുടെ ബെസ്റ്റ് ഇലവനിൽ സലാക്ക് സ്ഥാനം നേടാൻ കഴിഞ്ഞിരുന്നില്ല.
ഏതായാലും ഈ വിഷയങ്ങളിലുള്ള തന്റെ പ്രതികരണമിപ്പോൾ സലാ രേഖപ്പെടുത്തിയിട്ടുണ്ട്.അതായത് താൻ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഞെട്ടിച്ചുകളഞ്ഞു എന്നാണ് സലാ പറഞ്ഞത്. പക്ഷേ കരിയറിൽ ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഈജിപ്ഷൻ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സലായുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) March 4, 2022
” ബാലൺ ഡി’ ഓറിൽ ഏഴിനേക്കാൾ മികച്ച സ്ഥാനം എനിക്ക് ലഭിക്കാത്തത് എന്നെ ഞെട്ടിപ്പിച്ചു കളഞ്ഞു. പക്ഷേ അതിൽ ഒന്നും തന്നെ എനിക്ക് പറയാനില്ല. ഞാൻ ഏഴാമത് ആയിരിക്കുമെന്ന് ഒരാൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അതാണ് സംഭവിച്ചത്.ഫിഫ ബെസ്റ്റ് ഇലവനിൽ ഇടം ലഭിക്കാത്തത് ഗൂഢാലോചനയാണ് എന്നെനിക്ക് തോന്നുന്നില്ല. പക്ഷേ കൃത്യമല്ലാത്ത തിരഞ്ഞെടുപ്പുകൾ ഉണ്ടാവാം.ഫുട്ബോളിനെ കുറിച്ച് അറിവുള്ള പല രാജ്യങ്ങളിൽ നിന്നുമുള്ള ആളുകളാണ് തിരഞ്ഞെടുക്കുന്നത്. പക്ഷേ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണ് എന്നുള്ളത് എനിക്കറിയില്ല.ഫിഫക്ക് വ്യക്തിപരമായി എന്നോട് എതിർപ്പുണ്ടെന്ന് തോന്നുന്നില്ല. മറിച്ച് ഇത്തരം സാഹചര്യങ്ങളോട് നമ്മൾ ചെയ്യേണ്ടിയിരിക്കുന്നു.ആളുകൾ എന്നെക്കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങൾ പറയുമ്പോൾ എനിക്കുണ്ടാകുന്ന അനുഭൂതി വിവരിക്കാൻ വാക്കുകൾ ലഭിക്കുന്നില്ല. ഇന്ന് ഞാൻ മരിക്കുകയാണെങ്കിൽ പോലും, ഞാൻ നേടാൻ ആഗ്രഹിച്ച ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കിയതിന് ശേഷമായിരിക്കുമത് ” ഇതാണ് സലാ പറഞ്ഞിട്ടുള്ളത്.
ഈ സീസണിലും മിന്നുന്ന ഫോമിലാണ് സലാ കളിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രീമിയർ ലീഗ് സീസണിൽ 19 ഗോളുകളും 10 അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.