റോയൽ മാഡ്രിഡ്‌: ഗംഭീരവിജയവുമായി റയൽ തിരിച്ചുവരവറിയിച്ചു

ലാലിഗയിൽ ഇന്നലെ നടന്ന ഇരുപത്തിയെട്ടാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ റയൽ മാഡ്രിഡിന് ഗംഭീരവിജയം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ എയ്ബറിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ തകർത്തു വിട്ടത്. ആദ്യപകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി റയൽ മാഡ്രിഡ്‌ വിജയമുറപ്പിച്ചിരുന്നു. റയൽ മാഡ്രിഡിന് വേണ്ടി ടോണി ക്രൂസ്, മാഴ്‌സെലോ, സെർജിയോ റാമോസ് എന്നിവരാണ് ഗോൾ നേടിയത്. എയ്ബറിന്റെ ആശ്വാസഗോൾ ബിഗാസിന്റെ വകയായിരുന്നു.ജയത്തോടെ നിർണായകമായ മൂന്ന് പോയിന്റുകൾ പോക്കറ്റിലാക്കാൻ റയലിന് സാധിച്ചു. ഇരുപത്തിയെട്ട് മത്സരങ്ങളിൽ നിന്ന് പതിനേഴ് വിജയവുമായി 59 പോയിന്റാണ് റയലിന്റെ സമ്പാദ്യം. ഇത്രയും മത്സരങ്ങളിൽ നിന്ന് 61 പോയിന്റാണ് ഒന്നാമതുള്ള ബാഴ്സ നേടിയിരിക്കുന്നത്.

തന്റെ പതിവ് ശൈലിയായ 4-3-3 ഫോർമേഷനിൽ തന്നെയാണ് സിദാൻ ഇത്തവണയും ടീമിനെ കളത്തിലേക്കിറക്കിയത്. ഏറെ കാലത്തിന് ഈഡൻ ഹസാർഡ് ആദ്യഇലവനിൽ ഇടംനേടി. ഹസാർഡ്-റോഡ്രിഗോ-ബെൻസീമ ത്രയമാണ് മാഡ്രിഡിന്റെ ആക്രമണനിരയെ നയിച്ചത്. മത്സരം ആരംഭിച്ച ഉടനെ തന്നെ റയൽ ലീഡും നേടി. ടോണി ക്രൂസാണ് ആദ്യഗോൾ നേടിയത്. ബെൻസീമ ബോക്സിനകത്ത് വെച്ച് നടത്തിയ മുന്നേറ്റത്തിനൊടുവിൽ വീണുകിട്ടിയ പന്ത് തകർപ്പനൊരു ഷോട്ടിലൂടെ ക്രൂസ് വലയിലാക്കുകയായിരുന്നു. ഗോൾവഴങ്ങിയതോടെ ഉണർന്നു കളിച്ച എയ്ബർ പതിയെ പതിയെ ആക്രമണങ്ങൾ സംഘടിപ്പിച്ചു. എന്നാൽ എയ്ബറിന് തിരിച്ചടി ഏല്പിച്ചു കൊണ്ട് മുപ്പതാം മിനുട്ടിൽ റാമോസ് റയലിന്റെ രണ്ടാം ഗോളും നേടി. ബെൻസീമ നീട്ടിനൽകിയ പന്ത് തനിക്ക് ഗോൾ നേടാമായിരുന്നിട്ടും ഹസാർഡ് റാമോസിന് വെച്ചുനീട്ടുകയായിരുന്നു.

ഏഴ് മിനുട്ടുകൾക്കകം മാഴ്‌സെലോ റയലിന്റെ മൂന്നാം ഗോളും നേടി. ഹസാർഡിന്റെ ഷോട്ട് ഗോൾകീപ്പർ തടുത്തിട്ടുവെങ്കിലും പിന്നീട് ബോൾ വീണുകിട്ടിയ മാഴ്‌സെലോ ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ മാഴ്‌സെലോ വലകുലുക്കി. ആദ്യപകുതിയിൽ മൂന്ന് ഗോളിന്റെ വ്യക്തമായ ലീഡോടെ റയൽ കളം വിട്ടു. എന്നാൽ രണ്ടാം പകുതിയിൽ അതേ റയലിനെ അല്ല കാണാൻ സാധിച്ചത്. ഹസാർഡിനെ പിൻവലിച്ചതോടെ വലിയ മുന്നേറ്റങ്ങൾ ഒന്നും കാണാനായില്ല. അറുപതാം മിനുട്ടിൽ കോർട്ടുവയുടെ പിഴവിൽ നിന്ന് ബിഗാസ് ലക്ഷ്യം കണ്ടു. ആ പിഴവ് മാറ്റിനിർത്തിയാൽ മികച്ച പ്രകടനം തന്നെയായിരുന്നു കോർട്ടുവ ഇന്നലെ കാഴ്ച്ചവെച്ചത്. പകരക്കാരായി വന്ന ബെയ്ൽ, വിനീഷ്യസ് എന്നിവർക്ക് വലിയ ചലനങ്ങൾ സൃഷ്ടിക്കാനാവാതെ വന്നതോടെ മത്സരം 3-1 അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *