ഔബമയാങ്ങിന്റെ സ്ഥാനം ഹൃദയത്തിൽ,ക്ലബ്‌ വിടാൻ കാരണം കോച്ചിങ് സ്റ്റാഫ് : ഗബ്രിയേൽ

ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ആഴ്സണലിന്റെ സൂപ്പർ താരമായിരുന്ന ഔബമയാങ്‌ ക്ലബ്‌ വിട്ടു കൊണ്ട് എഫ്സി ബാഴ്സലോണയിൽ എത്തിച്ചേർന്നത്. നിലവിൽ മിന്നുന്ന പ്രകടനമാണ് താരം ബാഴ്സയിൽ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്.ബാഴ്സക്ക് വേണ്ടി കളിച്ച ആറു മത്സരങ്ങളിൽ നിന്ന് 5 ഗോളുകൾ കരസ്ഥമാക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.ബാഴ്സയുടെ ഇപ്പോഴത്തെ മികച്ച പ്രകടനത്തിൽ വലിയൊരു പങ്ക് താരം വഹിക്കുന്നുണ്ട്.

ഏതായാലും ഔബമയാങ്ങിനെ പറ്റിയുള്ള ചില കാര്യങ്ങൾ ആഴ്സണൽ താരമായ ഗബ്രിയേൽ പങ്കുവെച്ചിട്ടുണ്ട്.അതായത് ഔബമയാങ്‌ ക്ലബ്ബിൽ തുടരാൻ വേണ്ടി എല്ലാവരും ആഗ്രഹിച്ചിരുന്നുവെന്നും തന്റെ ഹൃദയത്തിലാണ് ഔബയുള്ളത് എന്നുമാണ് ഗബ്രിയേൽ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസം ഓ മൈ ഗോളിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗബ്രിയേലിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഔബമയാങ്‌ എന്റെ ഹൃദയത്തിലാണുള്ളത്. അദ്ദേഹം ആഴ്സനലിൽ തന്നെ തുടരാനാണ് ഞങ്ങളെല്ലാവരും ആഗ്രഹിച്ചത്. പക്ഷേ കോച്ചിംഗ് സ്റ്റാഫിന്റെയും അദ്ദേഹത്തിന്റെയും ഇടയിൽ ചില കാര്യങ്ങൾ സംഭവിച്ചു. അതിൽ താരങ്ങൾക്ക് പങ്കില്ല.അദ്ദേഹം ക്ലബ്‌ വിടുന്നതിനു മുന്നേ ഞാൻ അദ്ദേഹത്തോട് വിടപറഞ്ഞിരുന്നു. അദ്ദേഹം ബാഴ്സലോണ ആസ്വദിക്കുന്നുണ്ട് എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. വിശാല ഹൃദയമുള്ള ഒരു നല്ല വ്യക്തിയാണ് അദ്ദേഹം.ഞാൻ അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെടുന്നു ” ഇതാണ് ഗബ്രിയേൽ പറഞ്ഞത്.

2018-ലായിരുന്നു ഔബമയാങ്‌ ആഴ്സനലിൽ എത്തിയത്.163 ആകെ ഗണ്ണേഴ്സിനായി കളിച്ച താരം 92 ഗോളുകൾ നേടിയിട്ടുണ്ട്.എഫ്എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും ഔബമയാങ്‌ ടീമിനൊപ്പം കരസ്ഥമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *