കിരീടം നേടാതെ വിരമിക്കുന്ന പ്രശ്നമില്ല : ഇബ്രാഹിമോവിച്ച്
2020-ലായിരുന്നു സൂപ്പർതാരമായ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് ലാ ഗാലക്സി വിട്ടു കൊണ്ട് ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനിലേക്ക് തിരികെയെത്തിയത്.അതിന് ശേഷം എസി മിലാനോടൊപ്പം കിരീടം നേടാൻ സ്ലാട്ടന് സാധിച്ചിട്ടില്ല. യഥാർത്ഥത്തിൽ 2016-17 സീസണിലാണ് അവസാനമായി സ്ലാട്ടൻ ഒരു കിരീടം നേടിയത്. അന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനോടൊപ്പം യൂറോപ്പ ലീഗ് കിരീടം ചൂടുകയായിരുന്നു.
ഏതായാലും 40-കാരനായ സ്ലാട്ടൻ ഇപ്പോൾ ഒരു തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.അതായത് എസി മിലാനോടൊപ്പം ഒരു കിരീടം നേടാതെ ടീം വിടില്ല എന്നാണ് സ്ലാട്ടൻ പ്രഖ്യാപിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 28, 2022
” എന്റെ ഭാവി ഫുട്ബോൾ തന്നെയാണ്, എന്റെ ലോകം തന്നെ ഫുട്ബോളാണ്. നിലവിൽ എനിക്ക് കളിക്കാൻ കഴിയുന്നില്ല എന്നുള്ള കാര്യത്തിൽ ഞാൻ അസ്വസ്ഥനാണ്. ടീം നല്ല രൂപത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന ഈ സാഹചര്യത്തിൽ അവരെ കൂടുതൽ സഹായിക്കാൻ എനിക്ക് കഴിയുന്നില്ല എന്നുള്ളത് വേദനാജനകമായ ഒരു കാര്യമാണ്. ഞാൻ ഇവിടെയൊക്കെ വന്നതിനു ശേഷം ഒരുപാട് മികച്ച കാര്യങ്ങൾ ഞങ്ങൾ ചെയ്തു. പക്ഷേ ഒരു കിരീടം ഞങ്ങൾ മിസ്സ് ചെയ്യുന്നു. ആ കിരീടം നേടാൻ ഞങ്ങൾ പോരാടും. ഒരു കിരീടം നേടാതെ ഞാൻ ടീം വിടുന്ന പ്രശ്നമില്ല ” ഇതാണ് സ്ലാട്ടൻ പറഞ്ഞിരിക്കുന്നത്.
ഈ സീസണിൽ ഇനി രണ്ട് കിരീട സാധ്യതകളാണ് എസി മിലാന് അവശേഷിക്കുന്നത്.നാപോളിയോടൊപ്പം എസി മിലാൻ സിരി എയിൽ ഒന്നാമത് തന്നെയുണ്ട്. കൂടാതെ കോപ ഇറ്റാലിയയുടെ സെമിയിൽ നഗരവൈരികളായ ഇന്ററിനെയാണ് എസി മിലാൻ നേരിടുക. ആദ്യതവണ എസി മിലാനോടൊപ്പം സിരി എയും ഇറ്റാലിയൻ സൂപ്പർ കപ്പും ഉയർത്താൻ കഴിഞ്ഞിട്ടുള്ള താരമാണ് സ്ലാട്ടൻ.