കളി മോശം,സമനിലയായിരുന്നു ലക്ഷ്യം : തുറന്ന് സമ്മതിച്ച് ക്രൂസ്!

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ പ്രീ ക്വാർട്ടർ മത്സരത്തിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് പരാജയം രചിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജിയായിരുന്നു പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് റയലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ അവസാനത്തിൽ എംബപ്പെ നേടിയ ഗോളാണ് പിഎസ്ജിക്ക് ജയം സമ്മാനിച്ചത്.

എന്നാൽ ആ മത്സരത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ ടോണി ക്രൂസ് ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും തങ്ങൾ മോശമായാണ് കളിച്ചതെന്ന് ക്രൂസ് തുറന്നു സമ്മതിച്ചിട്ടുണ്ട്.അത്കൊണ്ട് തന്നെ സമനിലയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ക്രൂസ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ കനാൽ സപ്പോർട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മത്സരത്തിന്റെ 75 മിനുട്ടും ഞങ്ങൾ നല്ലതായിരുന്നില്ല എന്ന് നിങ്ങൾക്ക് പറയാൻ സാധിക്കും.വളരെ മോശമായിട്ടാണ് ഞങ്ങൾ കളിച്ചത്.അതിൽ നിന്നും പുറത്തുവരാൻ ഞങ്ങൾ ശ്രമിച്ചപ്പോൾ, അഞ്ച് സെക്കന്റിലേറെ സമയം പന്ത് കൈവശം വെക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. നല്ല രൂപത്തിലല്ല മത്സരം മുന്നോട്ടുപോയത്.അത്കൊണ്ട് തന്നെ മത്സരം ഗോൾരഹിത സമനില ആയാൽ പോലും ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് വിജയത്തിന് സമാനമായിരുന്നു. അതുകൊണ്ടുതന്നെ ഗോൾരഹിത സമനിലയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. പക്ഷേ അത് സംഭവിച്ചില്ല.എന്നാൽ ഈ റിസൾട്ട് ഞങ്ങൾക്ക് മാറ്റാവുന്നതേയുള്ളൂ. സ്വന്തം മൈതാനത്ത് വെച്ച് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ഞങ്ങൾക്ക് വലിയ പ്രതീക്ഷകളുണ്ട്.90 മിനുട്ട് ഇനിയും ഞങ്ങൾക്ക് അവശേഷിക്കുന്നുണ്ട്. ആ മത്സരത്തിൽ സർവ്വതും ഞങ്ങൾ സമർപ്പിക്കും ” ക്രൂസ് പറഞ്ഞു.

മാർച്ച് ഒമ്പതാം തീയതി രാത്രി ഇന്ത്യൻ സമയം 1:30 നാണ് രണ്ടാംപാദ മത്സരം അരങ്ങേറുക.റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചാണ് ഈ പോരാട്ടം അരങ്ങേറുക.

Leave a Reply

Your email address will not be published. Required fields are marked *