പെഡ്രിയോളം പ്രതിഭയുള്ള ഒരു താരവും ഫുട്ബോൾ ലോകത്തില്ല : സാവി
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ വലൻസിയയെ പരാജയപ്പെടുത്തിയത്.ഔബമയാങ്ങിന്റെ ഹാട്രിക്കാണ് ബാഴ്സക്ക് ഇത്തരത്തിലുള്ള തകർപ്പൻ വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ അറുപതാം മിനിട്ടിലായിരുന്നു യുവതാരം പെഡ്രി കളത്തിലേക്ക് എത്തിയത്. തുടർന്ന് മികച്ച പ്രകടനം താരം പുറത്തെടുക്കുകയും ചെയ്തു.
ഏതായാലും താരത്തെ ബാഴ്സ പരിശീലകനായ സാവി വാനോളം പ്രശംസിച്ചിട്ടുണ്ട്.ഫുട്ബോൾ ലോകത്ത് പെഡ്രിയോളം പ്രതിഭയുള്ള ഒരു താരവും നിലവിലില്ല എന്നാണ് സാവി പറഞ്ഞിട്ടുള്ളത്. മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്.
The highest of praise for Pedri 😤 pic.twitter.com/wsqUIfdSPk
— ESPN FC (@ESPNFC) February 20, 2022
” ഞങ്ങൾക്കൊരു ബ്രേക്ക് ത്രൂ നൽകിയത് പെഡ്രിയാണ്. അദ്ദേഹം ബോളുകൾ നഷ്ടപ്പെടുത്താറില്ല. രണ്ട് കാലുകളും ഒരുപോലെ ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. എല്ലാം തികഞ്ഞ ഒരു താരമാണ് പെഡ്രി. അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അത്ഭുതപ്പെടുത്തുന്നതാണ്.ടോപ് ലെവൽ താരമാണ് പെഡ്രി.19 വയസ്സ് മാത്രമേ അദ്ദേഹത്തിനൊള്ളൂ. അതിശയപ്പെടുത്തുന്ന ഒരു താരമാണ് അദ്ദേഹം. ലോക ഫുട്ബോളിൽ അദ്ദേഹത്തോളം പോന്ന ഒരു പ്രതിഭയും നിലവിലില്ല.ഞങ്ങൾ അവനെ നല്ലപോലെ നോക്കേണ്ടതുണ്ട്. മത്സരത്തിൽ വ്യത്യാസങ്ങൾ സൃഷ്ടിക്കാൻ അവനു കഴിയുന്നു.ബോളുകൾ തിരികെ പിടിക്കുന്നു. കേവലം അരമണിക്കൂർ മാത്രമാണ് അവൻ കളിച്ചത്. മികച്ച പ്രകടനം നടത്തുകയും ചെയ്തു.പെഡ്രിയുള്ളത് ഞങ്ങൾക്ക് വലിയ മുതൽക്കൂട്ടാണ്.അദ്ദേഹം ഒരു സാധാരണ താരമല്ല. അദ്ദേഹത്തെ പോലെ വളരെ കുറച്ചു പേർ മാത്രമാണ് ഇവിടെയുള്ളത്” സാവി പറഞ്ഞു.
മത്സരത്തിന്റെ 63-ആം മിനുട്ടിൽ ഒരു തകർപ്പൻ ഷോട്ടിലൂടെ പെഡ്രി ഗോൾ നേടിയിരുന്നു.എന്നാൽ സഹതാരം ഔബമയാങ്ങിന്റെ ദേഹത്ത് തട്ടിയിരുന്നതിനാൽ ആ ഗോൾ ഔബമയാങ്ങിന്റെ പേരിൽ രേഖപ്പെടുത്തുകയായിരുന്നു.