സ്പോർട്ടിങ് ഡയറക്റ്ററെ പിടിച്ചു കോച്ചാക്കി: റാൾഫിന്റെ കാര്യത്തിൽ രൂക്ഷവിമർശനവുമായി ഇതിഹാസം!
ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങിയിരുന്നു.സതാംപ്റ്റണായിരുന്നു യുണൈറ്റഡിനെ സമനിലയിൽ തളച്ചത്.ഇതോട് കൂടി തുടർച്ചയായി മൂന്നാം മത്സരത്തിലും വിജയിക്കാൻ യുണൈറ്റഡിന് സാധിക്കാതെ പോവുകയായിരുന്നു.റാൾഫിന് കീഴിലും തപ്പിത്തടയുന്ന ഒരു യുണൈറ്റഡിനെയാണ് നമുക്കിപ്പോൾ കാണാനാവുക.
ഏതായാലും റാൾഫിനെ പരിശീലകനാക്കിയ കാര്യത്തിൽ യുണൈറ്റഡ് ഇതിഹാസമായ പോൾ സ്ക്കോൾസ് രൂക്ഷ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്.ഒരു സ്പോർട്ടിങ് ഡയറക്റ്ററെ പിടിച്ച് യുണൈറ്റഡ് പരിശീലകനാക്കി എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ബിടി സ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ക്കോൾസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 13, 2022
” ഈ കഴിഞ്ഞത് ഏഴ് മോശം ദിവസങ്ങളാണ്.കഴിഞ്ഞ ആറേഴ് മാസവും മോശമാണ്.ഈ സീസൺ തന്നെ നല്ലതല്ല.ഒലെയെ പുറത്താക്കുമെന്ന് നമുക്ക് അറിയാമായിരുന്നു.പക്ഷെ അതിന് ശേഷമുള്ള ക്ലബ്ബിന്റെ പ്ലാൻ എവിടെ? നാം കരുതിയത് ഒരു പ്ലാൻ ഉണ്ടായിരിക്കുമെന്നാണ്. ഒരു മികച്ച പരിശീലകനെ യുണൈറ്റഡ് കൊണ്ടുവരുമെന്ന് നമ്മൾ പ്രതീക്ഷിച്ചു.
ഇത് മാഞ്ചസ്റ്റർ യുണൈറ്റഡാണ്. അതുകൊണ്ടുതന്നെ എല്ലാം കൊണ്ടും മികച്ചതിനെയാണ് യുണൈറ്റഡിന് വേണ്ടത്.പക്ഷെ യുണൈറ്റഡ് കൊണ്ടു വന്നത് ഒരു സ്പോർട്ടിങ് ഡയറക്റ്ററെയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ രണ്ട് ടീമുകളെ മാത്രമാണ് റാൾഫ് പരിശീലിപ്പിച്ചത് എന്നാണ് ഞാൻ കരുതുന്നത്.
എന്നെ തെറ്റിദ്ധരിക്കേണ്ട കാര്യമില്ല.എനിക്ക് റാൾഫിനെ ഇഷ്ടമാണ്. പക്ഷേ സമീപകാലത്ത് അദ്ദേഹത്തിന് പരിശീലക വേഷത്തിൽ പരിചയ കുറവുണ്ട്.അദ്ദേഹം ഒരു സ്പോർട്ടിങ് ഡയറക്റ്ററാണ് ” സ്ക്കോൾസ് പറഞ്ഞു.
ഇടക്കാല പരിശീലകനായി കൊണ്ടാണ് യുണൈറ്റഡ് റാൾഫ് റാഗ്നിക്കിനെ നിയമിച്ചത്.ഈ സീസണിന് ശേഷം സ്ഥിര പരിശീലകനെ നിയമിക്കാനുള്ള ഒരുക്കത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.