പിഎസ്ജിക്കെതിരെ കളിക്കുമ്പോൾ എല്ലാവരും മോട്ടിവേറ്റഡാണ് : പോച്ചെട്ടിനോ

ലീഗ് വണ്ണിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ വമ്പൻമാരായ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്.നിലവിലെ ചാമ്പ്യൻമാരായ ലില്ലിയാണ് പിഎസ്ജിയുടെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15-ന് ലില്ലിയുടെ മൈതാനത്ത് വച്ചാണ് ഈ മത്സരം അരങ്ങേറുക.

ഈ മത്സരത്തിനു മുൻപുള്ള പത്രസമ്മേളനത്തിൽ നിരവധി കാര്യങ്ങളെക്കുറിച്ച് പിഎസ്ജിയുടെ പരിശീലകനായ മൗറിസിയോ പോച്ചെട്ടിനോ സംസാരിച്ചിരുന്നു.കാര്യങ്ങളെ നല്ല രൂപത്തിലേക്ക് തിരികെ കൊണ്ടുവരാനാണ് തങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത് എന്നാണ് പോച്ചെട്ടിനോ പറഞ്ഞിട്ടുള്ളത്.പിഎസ്ജിക്കെതിരെ കളിക്കുമ്പോൾ എല്ലാ ടീമുകളും മോട്ടിവേറ്റഡാണെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.പോച്ചെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ ഘട്ടം ഘട്ടമായി മുന്നോട്ടു നീങ്ങുകയാണ്.തീർച്ചയായും ഫ്രഞ്ച് കപ്പിൽ നിന്നും പുറത്തായതിൽ ഞങ്ങൾ അസ്വസ്ഥരാണ്.യഥാർത്ഥത്തിൽ അതൊരു ലോട്ടറിയായിരുന്നു. പക്ഷേ തോൽവി ഞങ്ങൾ അംഗീകരിക്കുന്നു. കാര്യങ്ങളെ ഞങ്ങൾ നല്ല രൂപത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു.അത്കൊണ്ട് തന്നെ ലില്ലിയെ പോലെയൊരു മികച്ച ടീമിനെതിരെ കളിക്കുന്നത് പോസിറ്റിവായ കാര്യമാണ്. ഞങ്ങൾക്കിപ്പോൾ തയ്യാറെടുപ്പിനുള്ള സമയമുണ്ട്.നിലവിൽ ലില്ലിക്കെതിരെയുള്ള മത്സരത്തിലാണ് ഞങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഈ മത്സരം ബുദ്ധിമുട്ടാവുമെന്നാണ് ഞാൻ കരുതുന്നത്.പിഎസ്ജിക്കെതിരെ കളിക്കുന്ന എല്ലാ ടീമുകളും മോട്ടിവേറ്റഡാണ്.അത്കൊണ്ട് തന്നെ മത്സരം സങ്കീർണമായിരിക്കും.ഞങ്ങൾ കാര്യക്ഷമതയോടെ കൂടി കളിക്കേണ്ടതുണ്ട്.മൂന്ന് പോയിന്റുകൾ നേടുക,എതിരാളികളുടെ മേലുള്ള ലീഡ് വർദ്ധിപ്പിക്കുക എന്നുള്ളതിനാണ് പ്രാധാന്യം ” പോച്ചെട്ടിനോ പറഞ്ഞു.

നിലവിൽ പിഎസ്ജിയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. രണ്ടാം സ്ഥാനക്കാരായ മാഴ്സെയേക്കാൾ 10 പോയിന്റിന്റെ ലീഡ് പിഎസ്ജിക്കുണ്ട്.അതേസമയം ലില്ലി 11-ആം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *