ഡെമ്പലെയെ ഉപയോഗപ്പെടുത്താനാണ് ബാഴ്സ ശ്രമിക്കേണ്ടത് : ഡാനി ആൽവെസ്
സൂപ്പർ താരം ഒസ്‌മാൻ ഡെമ്പലെയുടെ കാര്യത്തിൽ ഒരു പരിഹാരം കാണാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നില്ല.താരം കരാർ പുതുക്കാൻ വിസമ്മതിച്ചതോടെ ക്ലബ് വിടാൻ ബാഴ്സ ആവശ്യപ്പെട്ടിരുന്നു.എന്നാൽ പുതിയ ക്ലബ് കണ്ടെത്താൻ ഡെമ്പലെക്ക് സാധിച്ചിരുന്നില്ല.ഇതോടെ താരം ബാഴ്സയിൽ തന്നെ തുടരുകയായിരുന്നു.ഇനി ബാഴ്സ താരത്തെ കളിപ്പിക്കുമോ എന്നുള്ളത് കണ്ടറിയേണ്ട ഒരു കാര്യമാണ്.
ഏതായാലും ബാഴ്സയുടെ ബ്രസീലിയൻ സൂപ്പർതാരമായ ഡാനി ആൽവെസ് ഈ വിഷയത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.അതായത് ഡെമ്പലെ ബാഴ്സയിൽ ഉള്ളിടത്തോളം കാലം താരത്തെ ഉപയോഗപ്പെടുത്താനാണ് ബാഴ്സ ശ്രമിക്കേണ്ടത് എന്നാണ് ആൽവസ് പറഞ്ഞിട്ടുള്ളത്. എല്ലാത്തിനുമുപരി നമ്മൾ ബാഴ്സയെയാണ് പ്രതിനിധീകരിക്കുന്നതെന്നും ആൽവെസ് കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞദിവസം മൂവി സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ആൽവെസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) February 5, 2022
” ഡെമ്പലെ ബാഴ്സയിൽ ഉള്ളിടത്തോളം കാലം നമ്മൾ അദ്ദേഹത്തോടൊപ്പം നിലകൊള്ളണം.ഈ സീസണിന് ശേഷം അദ്ദേഹം ക്ലബ്ബ് വിടുകയാണെങ്കിൽ കുഴപ്പമില്ല.പക്ഷെ ഇനിയും അഞ്ച് മാസങ്ങൾ അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നാം അദ്ദേഹത്തെ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടത്.കാരണം യാഥാർത്ഥ്യമെന്തെന്നാൽ അദ്ദേഹമിപ്പോഴും ഇവിടെയുണ്ട്.ഈഗോയേക്കാൾ നിങ്ങൾ സ്മാർട്ടായി പ്രവർത്തിക്കേണ്ട ഒരു സമയമാണിത്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് സാധ്യമായ രൂപത്തിൽ നാം ശക്തരാവേണ്ടതുണ്ട്.ടേബിളിന്റെ മുകളിലേക്ക് ബാഴ്സയെ എത്തിക്കാനാണ് ഞങ്ങളിപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.ഒരു പോസിറ്റീവായ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.നെഗറ്റീവ് ആയ കാര്യങ്ങൾ നിങ്ങളെ വളരാൻ സഹായിക്കില്ല.ക്ലബ്ബിലും ഡ്രസിങ് റൂമിലും ഞങ്ങൾ ഐക്യം ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. അതിനേക്കാളുമുപരി നമ്മളെല്ലാവരും പ്രതിനിധീകരിക്കുന്നത് ബാഴ്സയെയാണ് ” ഇതാണ് ആൽവെസ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ ആകെ 11 മത്സരങ്ങൾ മാത്രമാണ് ഡെമ്പലെ ബാഴ്സക്കായി കളിച്ചിട്ടുള്ളൂ.ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.