എംബപ്പേ ഭാവിയിൽ റയൽ ജേഴ്‌സി അണിയും,ഇപ്പോൾ ലക്ഷ്യം തടയൽ : കാർവഹൽ

സൂപ്പർ താരം കിലിയൻ എംബപ്പേ റയൽ മാഡ്രിഡിൽ എത്തുമെന്നുള്ള ട്രാൻസ്ഫർ റൂമർ ഫുട്ബോൾ ലോകത്ത് വ്യാപകമാണ്.എന്നാൽ ഔദ്യോഗികമായ യാതൊരു വിധ തീരുമാനങ്ങളും ഇതുവരെ പുറത്തേക്ക് വന്നിട്ടില്ല.എംബപ്പേയുടെ പിഎസ്ജിയുമായുള്ള കരാർ ഈ സീസണോട് കൂടിയാണ് അവസാനിക്കുക.എംബപ്പേ കരാർ പുതുക്കുമോ അതോ ക്ലബ്‌ വിടുമോ എന്നുള്ളത് ഇതുവരെ വ്യക്തമാവാത്ത ഒരു കാര്യമാണ്.താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങളിൽ തന്നെയാണ് നിലവിൽ റയലുള്ളത്.

ഏതായാലും എംബപ്പേയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ റയലിന്റെ ഡിഫന്ററായ ഡാനി കാർവഹൽ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.ഭാവിയിൽ എംബപ്പേ റയലിന്റെ ജേഴ്‌സി അണിയുമെന്നാണ് ഇദ്ദേഹം തുറന്ന് പറഞ്ഞിട്ടുള്ളത്.എന്നാൽ ഇപ്പോൾ എംബപ്പേ എതിരാളിയാണെന്നും അത്കൊണ്ട് തന്നെ അദ്ദേഹത്തെ തടയലാണ് ലക്ഷ്യമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.കാർവഹലിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“എംബപ്പേ വളരെ മികച്ച ഒരു താരമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹത്തെ ഞങ്ങളുടെ ടീമുമായി ബന്ധപ്പെടുത്തിക്കൊണ്ട് കേൾക്കുന്നുണ്ട്.അദ്ദേഹത്തിന്റെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കാൻ പോവുകയാണ്. അതുകൊണ്ടുതന്നെ ഭാവിയിൽ എംബപ്പേ റയലിന്റെ ജേഴ്സി അണിയും.പക്ഷെ എനിക്കിപ്പോൾ പറയാനുള്ളത് അദ്ദേഹമൊരു പിഎസ്ജി താരമാണ്. അവർ ഞങ്ങളുടെ എതിരാളികളാണ്.അത്കൊണ്ട് തന്നെ ഇപ്പോഴത്തെ ഞങ്ങളുടെ ഒരേയൊരു ചിന്ത കളത്തിൽ അദ്ദേഹത്തെ നല്ല രൂപത്തിൽ പ്രതിരോധിക്കുക എന്നുള്ളതാണ്.ഞാനും എംബപ്പേയും കളിക്കുകയാണെങ്കിൽ,ഞങ്ങൾ ഒരേ വശത്തായിരിക്കും മുഖാമുഖം വരിക ” ഇതാണ് കാർവഹൽ പറഞ്ഞത്.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിലാണ് പിഎസ്ജിയും റയലും മുഖാമുഖം വരിക.ഈ മാസം 15-ആം തിയ്യതിയാണ് ആദ്യപാദ മത്സരം നടക്കുക.ഈ മത്സരത്തിൽ എംബപ്പേ റയൽ ഡിഫൻസിന് വെല്ലുവിളി ഉയർത്തുമെന്നുള്ള കാര്യത്തിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *