മെസ്സി പെപെയോടും റാമോസിനോടുമൊക്കെ മോശം ഭാഷ ഉപയോഗിച്ചിരുന്നു: ഡ്യൂഡക്

ഫുട്ബോൾ ലോകത്തെ ചിരവൈരികളായ ബാഴ്‌സയും റയലും ഒരിക്കൽ കൂടി ഏറ്റുമുട്ടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-നാണ് ഈ എൽ ക്ലാസിക്കോ പോരാട്ടം നടക്കുക. സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭാവം ഈ പോരാട്ടത്തിന്റെ മാറ്റ് ഒരല്പം കുറക്കുന്നതാണ്. മെസ്സി ബാഴ്‌സ വിട്ടതിന് ശേഷമുള്ള രണ്ടാമത്തെ എൽ ക്ലാസ്സിക്കോയാണിത്.

ഏതായാലും മുൻ കാല എൽ ക്ലാസിക്കോകളിലെ തന്റെ അനുഭവങ്ങളിപ്പോൾ റയലിന്റെ ഗോൾകീപ്പറായിരുന്ന ജേഴ്സി ഡ്യൂഡക് പങ്കു വെച്ചിട്ടുണ്ട്.മെസ്സിയും ബാഴ്‌സയുമൊക്കെ പ്രകോപിപ്പിക്കുന്നവർ ആയിരുന്നുവെന്നും പെപെയോടും റാമോസിനോടുമൊക്കെ മെസ്സി മോശം ഭാഷ ഉപയോഗിച്ചിരുന്നു എന്നുമാണ് ഡ്യൂഡക് വെളിപ്പെടുത്തിയിട്ടുള്ളത്. തന്റെ ആത്മകഥയിലാണ് ഡ്യൂഡക് ഇക്കാര്യം കുറിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മെസ്സി അന്ന് വളരെയധികം തെറ്റിദ്ധരിപ്പിക്കുന്നവനും പ്രകോപിപ്പിക്കുന്നവനുമായിരുന്നു.ബാഴ്‌സയും പെപ് ഗ്വാർഡിയോളയുമൊക്കെ അന്ന് അങ്ങനെയായിരുന്നു.അവർ പ്രകോപിപ്പിക്കാൻ തയ്യാറായിരുന്നു, പെർഫെക്ടായി അത് ചെയ്യാൻ അവർക്ക് കഴിഞ്ഞിരുന്നു.അത് ഹോസെ മൊറീഞ്ഞോയെയും ടീമിനെയും വല്ലാതെ വേദനിപ്പിച്ചു.മെസ്സി റാമോസിനോടും പെപെയോടുമൊക്കെ മോശം ഭാഷ ഉപയോഗിക്കുന്നത് ഞാൻ കണ്ടിരുന്നു.വളരെയധികം ശാന്തനായ, നല്ലവനായ ഒരു വ്യക്തിയിൽ നിന്നും നമ്മളത് സങ്കൽപ്പിച്ചിട്ട്‌ പോലുമുണ്ടായിരുന്നില്ല ” ഇതാണ് ഡ്യൂഡക് കുറിച്ചിരിക്കുന്നത്.

മുമ്പ് റയലിന്റെ പരിശീലകനായി മൊറീഞ്ഞോയും ബാഴ്‌സയുടെ പരിശീലകനായി പെപ് ഗ്വാർഡിയോളയും ഉള്ള സമയത്തായിരുന്നു ഏറ്റവും തീവ്രമായ എൽ ക്ലാസിക്കോകൾ നടന്നിരുന്നത്. സൂപ്പർ താരങ്ങൾ എല്ലാം കൊഴിഞ്ഞു പോയതോടെ എൽ ക്ലാസിക്കോയുടെ തിളക്കവും കുറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *