നീക്കങ്ങൾ അതിവേഗത്തിൽ, കൂട്ടീഞ്ഞോയെ സ്വന്തമാക്കാൻ ആസ്റ്റൺ വില്ല!

എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർ താരമായ ഫിലിപ്പെ കൂട്ടീഞ്ഞോയാണ് ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിലെ പ്രധാനചർച്ചാ വിഷയം. താരം എഫ്സി ബാഴ്സലോണ വിടാനുള്ള ഒരുക്കത്തിലാണ്. സാമ്പത്തികപ്രതിസന്ധി അനുഭവിക്കുന്ന ബാഴ്സ താരത്തെ വിൽക്കാനുള്ള ഒരുക്കത്തിലുമാണ്. അത്കൊണ്ട് തന്നെ നിരവധി പ്രീമിയർ ലീഗ് ക്ലബുകൾ കൂട്ടിഞ്ഞോക്കായി രംഗത്ത് വന്നിരുന്നു.

ഏറ്റവും ഒടുവിൽ കൂട്ടീഞ്ഞോക്കായി രംഗപ്രവേശനം ചെയ്ത ക്ലബ്‌ ആസ്റ്റൺ വില്ലയാണ്. ആസ്റ്റൺ വില്ലയുടെ പരിശീലകനായ സ്റ്റീവൻ ജെറാർഡ് മുമ്പ് ലിവർപൂളിൽ കൂട്ടീഞ്ഞോക്കൊപ്പം കളിച്ച താരമാണ്. ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ ജെറാർഡുള്ളത്. അത്കൊണ്ട് തന്നെ കൂട്ടീഞ്ഞോക്ക് വേണ്ടിയുള്ള നീക്കങ്ങൾ ആസ്റ്റൺ വില്ല അതിവേഗത്തിലാക്കിയിട്ടുണ്ട്.

താരത്തിന്റെ ഏജന്റുമായി ക്ലബ് അധികൃതർ സംസാരിച്ചിട്ടുണ്ട്. ലോണടിസ്ഥാനത്തിൽ എത്തിക്കാനാണ് നിലവിൽ ആസ്റ്റൺ വില്ലക്ക് താല്പര്യം. അതേസമയം ക്ലബ്ബിലേക്ക് എത്തുന്നതിൽ കൂട്ടീഞ്ഞോക്ക് എതിർപ്പൊന്നുമില്ല. പ്രീമിയർ ലീഗ് ക്ലബായിരിക്കുക എന്നുള്ളതിന് മാത്രമാണ് നിലവിൽ കൂട്ടീഞ്ഞോ മുൻഗണന നൽകുന്നത്.

ആസ്റ്റൺ വില്ലയെ കൂടാതെ ന്യൂകാസിൽ യുണൈറ്റഡ്, ലിവർപൂൾ, ടോട്ടെൻഹാം, എവെർട്ടൻ, ആഴ്സണൽ എന്നിവരൊക്കെ കൂട്ടീഞ്ഞോയിൽ താല്പര്യം പ്രകടിപ്പിച്ച ക്ലബുകളാണ്.2018-ൽ 106 മില്യൺ പൗണ്ടെന്ന ഭീമൻ തുകക്കായിരുന്നു കൂട്ടീഞ്ഞോ ബാഴ്‌സയിൽ എത്തിയത്. ലിവർപൂളിലെ പ്രകടനം ബാഴ്സയിൽ പുറത്തെടുക്കാൻ കൂട്ടിഞ്ഞോക്ക് സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *