മനോവീര്യം ചോർന്ന് താരങ്ങൾ, റാൾഫിന് യുണൈറ്റഡിൽ ചെയ്യാനുള്ളത് പിടിപ്പതു പണി!

കഴിഞ്ഞ ദിവസം പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവ്‌സിനോട്‌ പരാജയപ്പെട്ടിരുന്നു. പുതിയ പരിശീലകനായി എത്തിയ റാൾഫിന് ക്ലബ്ബിൽ ഒരു മികച്ച തുടക്കം ലഭിച്ചിരുന്നില്ല.വിജയിച്ച മത്സരങ്ങൾ എല്ലാം തന്നെ ഭാഗ്യത്തിന്റെ അകമ്പടിയിലായിരുന്നു യുണൈറ്റഡ് വിജയിച്ചത്. കഴിഞ്ഞ മത്സരത്തിലെ തോൽവിക്ക് ശേഷം യുണൈറ്റഡ് താരമായ ലൂക്ക് ഷോ സഹതാരങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു.ഏതായാലും നിരവധി പ്രശ്നങ്ങൾ യുണൈറ്റഡിന്റെ അകത്തുണ്ട് എന്നുള്ളതാണ് യാഥാർഥ്യം.

ഇതുമായി ബന്ധപ്പെട്ടു കൊണ്ട് പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ദി സൺ ഒരു റിപ്പോർട്ട്‌ പുറത്ത് വിട്ടിട്ടുണ്ട്. അതായത് യുണൈറ്റഡുമായി ബന്ധപ്പെട്ട ചില വൃത്തങ്ങൾ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇവർ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. യുണൈറ്റഡ് താരങ്ങളുടെ മനോവീര്യം ചോർന്നു പോയിട്ടുണ്ടെന്നും ടീമാകെ താറുമാറായി കിടക്കുകയാണ് എന്നാണ് ഇവർ ആരോപിക്കുന്നത്. ഇതെല്ലാം റാൾഫ് ശരിയാക്കേണ്ടതുണ്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. ആ സോഴ്സ് പറഞ്ഞത് ഇങ്ങനെയാണ്.

” ഓരോ താരങ്ങളും അവരുടേതായ രീതിയിലാണ് ഉള്ളത്.അത്കൊണ്ട് തന്നെ ടീം ബുദ്ധിമുട്ടുമ്പോൾ അത് മറ്റുള്ളവരുടെ ഉത്തരവാദിത്തമാണെന്ന് ഓരോ താരങ്ങളും കരുതുന്നു.ടീമിലെ താരങ്ങളുടെ മനോവീര്യം തകർന്നിട്ടുണ്ട്.കാര്യങ്ങൾ എല്ലാം തെറ്റായ രീതിയിലാണ് മുന്നോട്ട് പോവുന്നത്.റാൾഫിന്റെ പ്ലാനുകൾക്ക് പറ്റിയ താരങ്ങളല്ല നിലവിൽ യുണൈറ്റഡിൽ ഉള്ളത് എന്നാണ് ആരാധകർ കരുതുന്നത്.ചില താരങ്ങളുടെ കഴിവും ആഗ്രഹങ്ങളും നഷ്ടമായിട്ടുണ്ട്.കൂടാതെ മികച്ച പ്രകടനം നടത്തിയില്ലെങ്കിലും സ്‌ക്വാഡിന്റെ ഭാഗമാവുമെന്ന് പല താരങ്ങളും കരുതുന്നു.അത്കൊണ്ട് തന്നെ ടീമാകെ താറുമാറായി കിടക്കുകയാണ്.അതെല്ലാം റാൾഫ് ശരിയാക്കി എടുക്കേണ്ടതുണ്ട് ” ഇതാണ് ആ സോഴ്സിനെ ഉദ്ധരിച്ചു കൊണ്ട് സൺ റിപ്പോർട്ട്‌ ചെയ്യുന്നത്.

ഇനി ആസ്റ്റൺ വില്ലക്കെതിരെയാണ് യുണൈറ്റഡിന്റെ അടുത്ത മത്സരങ്ങൾ. ആറ് മാസത്തേക്ക് മാത്രമാണ് റാൾഫിനെ യുണൈറ്റഡ് നിയമിച്ചിട്ടുള്ളത്. എന്നാൽ കാര്യങ്ങൾ അദ്ദേഹത്തിന് ഒട്ടും എളുപ്പമല്ല.

Leave a Reply

Your email address will not be published. Required fields are marked *