മാഴ്‌സെലോ വിരമിക്കുന്നു? അഭ്യൂഹങ്ങൾ സജീവം!

ഈ സീസണോട് കൂടിയാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരമായ മാഴ്‌സെലോയുടെ ക്ലബുമായുള്ള കരാർ അവസാനിക്കുക. താരത്തിന്റെ കരാർ പുതുക്കില്ല എന്ന കാര്യം ഉറപ്പായതാണ്. കഴിഞ്ഞ സീസണിൽ തന്നെ ക്ലബ് വിടാൻ താരത്തിന് അനുമതി നൽകിയിരുന്നുവെങ്കിലും മാഴ്‌സെലോ റയലിൽ തന്നെ തുടരുകയായിരുന്നു.വളരെ കുറഞ്ഞ അവസരങ്ങളാണ് 33-കാരനായ ഈ താരത്തിന് ഈ സീസണിൽ ലഭിച്ചിട്ടുള്ളത്.

കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ ഈ സീസണിൽ കേവലം 138 മിനുട്ടുകൾ മാത്രമാണ് മാഴ്‌സെലോ ഈ സീസണിൽ കളിച്ചിട്ടുള്ളത്. കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു താരത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. അത്കൊണ്ട് തന്നെ മാഴ്‌സെലോയുടെ അവസരങ്ങളും കുറയുകയായിരുന്നു.

ഇനി മാഴ്‌സെലോയുടെ പദ്ധതികൾ എന്താണ് എന്നുള്ളതാണ് ഇവിടുത്തെ ചോദ്യം.15 വർഷത്തോളം റയലിന് വേണ്ടി കളിച്ച മാഴ്‌സെലോക്ക് ക്ലബുമായി ഒരു ആത്മബന്ധം തന്നെ നിലവിലുണ്ട്. മാഴ്‌സെലോയുടെ മുൻ ക്ലബായ ഫ്ലൂമിനൻസിലേക്ക് താരം മടങ്ങുമെന്നുള്ള റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം മാർക്ക പുറത്ത് വിട്ട റിപ്പോർട്ട്‌ അങ്ങനെയല്ല സൂചിപ്പിക്കുന്നത്. റയലിൽ തന്നെ വിരമിക്കണമെന്ന ആഗ്രഹമുള്ള മാഴ്‌സെലോ ഈ സീസണോട് കൂടി വിരമിക്കാൻ സാധ്യതയുണ്ട് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. പക്ഷേ ഔദ്യോഗികപ്രസ്താവനകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.

റയലിന് വേണ്ടി 533 മത്സരങ്ങൾ കളിച്ച മാഴ്‌സെലോ ഇപ്പോൾ റയലിന്റെ ക്യാപ്റ്റനാണ്.റയലിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച രണ്ടാമത്തെ വിദേശ താരമാണ് മാഴ്‌സെലോ.അത് മാത്രമല്ല നിലവിൽ റയൽ സ്‌ക്വാഡിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരവും മാഴ്‌സെലോയാണ്.22 കിരീടങ്ങളാണ് താരത്തിനുള്ളത്.2 കിരീടങ്ങൾ കൂടി നേടിയാൽ റയലിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കിരീടങ്ങൾ ഉള്ള താരമാവാൻ മാഴ്‌സെലോക്ക് കഴിയും.പത്തോളം പരിശീലകർക്ക് കീഴിൽ കളിച്ച മാഴ്‌സെലോ 38 ഗോളുകൾ റയലിനായി നേടിയിട്ടുണ്ട്. ഏതായാലും താരം ഏത് രൂപത്തിലുള്ള തീരുമാനം എടുക്കുമെന്നുള്ളതാണ് ആരാധകർക്കറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *