ഹാലണ്ടിനെ റയലിന് വേണം, ബൊറൂസിയയിൽ തന്നെ തുടരുമെന്ന് സ്പോർട്ടിങ്ങ് ഡയറക്ടർ!
യുവസൂപ്പർ താരം എർലിങ് ഹാലണ്ടാണ് നിലവിൽ ട്രാൻസ്ഫർ ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയം. താരം ബൊറൂസിയ ഡോർട്മുണ്ട് വിടാൻ ആലോചിക്കുന്നു എന്നുള്ള കാര്യം അദ്ദേഹത്തിന്റെ ഏജന്റായ മിനോ റയോള തന്നെ തുറന്നു പറഞ്ഞിരുന്നു. ഒരുപിടി വമ്പൻ ക്ലബുകൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന് താരത്തിൽ വലിയ താല്പര്യമുണ്ട് എന്നുള്ള കാര്യം ക്ലബ്ബിന്റെ സിഇഒയായ ജോക്കിം വാട്സ്കെ അറിയിച്ചിരുന്നു. ഇതേ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ഞാൻ എവിടെ പോയാലും, എല്ലാവരും എർലിങ് ഹാലണ്ടിനെ കുറിച്ചാണ് സംസാരിക്കുന്നത്.എനിക്കിപ്പോൾ ആകെ അറിയാവുന്ന കാര്യം റയൽ മാഡ്രിഡിന് അദ്ദേഹത്തിൽ വലിയ താല്പര്യമുണ്ട് എന്നുള്ളതാണ്.വേണമെങ്കിൽ 25 ക്ലബുകളുടെ പേര് കൂടി എനിക്കിതിനോട് കൂട്ടിച്ചേർക്കാൻ കഴിയും ” ഇതാണ് വാട്സ്കെ പറഞ്ഞത്.
🗣 ”All I know as a guarantee is that Real Madrid are very interested in him.”https://t.co/1qrmVWCpdY
— MARCA in English (@MARCAinENGLISH) December 19, 2021
അതേസമയം ബൊറൂസിയയുടെ മൈതാനമായ സിഗ്നൽ ഇഡുന പാർക്കിൽ വെച്ച് നടന്ന അവസാനമത്സരത്തിന് ശേഷം ഹാലണ്ട് എല്ലാ ഭാഗത്തുമുള്ള ആരാധകർക്ക് നേരെയും കൈവീശി കാണിച്ചതിന് ശേഷമായിരുന്നു കളം വിട്ടത്. പലരും ഇത് താരത്തിന്റെ വിടപറച്ചിലായി വ്യാഖ്യാനിച്ചിരുന്നു. അതായത് ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ഹാലണ്ട് ക്ലബ് വിട്ടേക്കുമെന്നായിരുന്നു റൂമറുകൾ. എന്നാൽ ഇതിനെ നിരാകരിച്ചു കൊണ്ട് ബൊറൂസിയയുടെ സ്പോട്ടിങ് ഡയറക്ടറായ സോർക്ക് രംഗത്ത് വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“എന്തിനായിരുന്നു അങ്ങനെ ചെയ്തതെന്ന് ഞാൻ ഹാലണ്ടിനോട് ചോദിച്ചിരുന്നു. അതിൽ ഒന്നുമില്ല എന്നാണ് അദ്ദേഹം മറുപടി നൽകിയത്.തീർച്ചയായും അദ്ദേഹം ക്ലബ്ബിൽ തന്നെ തുടരും. അത് തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.പക്ഷേ സാഹചര്യങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ട്.അദ്ദേഹവുമായി ഞങ്ങൾ വരും ദിവസങ്ങളിൽ ചർച്ച നടത്തും.അദ്ദേഹത്തിന് ഞങ്ങളുമായി ഒരു ലോങ് ടെം കരാറുമുണ്ട് ” ഇതാണ് സോർക്ക് പറഞ്ഞത്.
ഏതായാലും എർലിങ് ഹാലണ്ട് വരുന്ന സമ്മർ ട്രാൻസ്ഫറിൽ കൂടുമാറാനുള്ള എല്ലാ സാധ്യതയും തെളിഞ്ഞു വരുന്നുണ്ട്.